Sunday, January 5, 2025
LATEST NEWSSPORTS

അടുത്ത വര്‍ഷം ലേവര്‍ കപ്പിനെത്തും: പക്ഷേ മറ്റൊരു റോളിലെന്ന് ഫെഡറര്‍

ലണ്ടന്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ലേവർ കപ്പിന്‍റെ ഭാഗമാകുമെന്ന് ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ. ഈയിടെ സമാപിച്ച ലേവർ കപ്പിന്‍റെ സമാപനച്ചടങ്ങിലാണ് ഫെഡറർ ഇക്കാര്യം അറിയിച്ചത്.

“ലേവർ കപ്പിൽ മികച്ച തിരിച്ചുവരവ് നടത്തിയ ലോക ടീമിന് അഭിനന്ദനങ്ങൾ. ഞാൻ ഇപ്പോൾ വൈകാരികമായാണ് സംസാരിക്കുന്നത്. എന്നെ പിന്തുണച്ച, എന്നോടൊപ്പം നിന്ന എല്ലാവരോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഓരോ നിമിഷവും ഞാൻ ആസ്വദിക്കുകയായിരുന്നു. അടുത്ത വർഷം നടക്കുന്ന ലേവർ കപ്പിന്‍റെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ അത് മറ്റൊരു വേഷത്തിൽ ആയിരിക്കും. ഇരുടീമുകളെയും പിന്തുണയ്ക്കാൻ ഞാൻ ലേവർ കപ്പിനെത്തും”, ഫെഡറർ പറഞ്ഞു.

അടുത്ത വർഷം കാനഡ ലേവർ കപ്പിന് ആതിഥേയത്വം വഹിക്കും. ഈ വർഷം ലണ്ടനിൽ നടന്ന ലേവർ കപ്പിലൂടെയാണ് ഫെഡറർ ടെന്നീസിൽ നിന്ന് വിരമിച്ചത്. അവസാന മത്സരത്തിൽ റാഫേൽ നദാലിനൊപ്പം ഡബിൾസിൽ മത്സരിച്ച ഫെഡറർ മത്സരത്തിൽ പരാജയപ്പെട്ടു. ലോക ടീമിനായി ഫ്രാന്‍സിസ് ടിയാഫോ- ജാക്ക് സോക്ക് സഖ്യമാണ് മത്സരിച്ചത്.