Sunday, December 22, 2024
LATEST NEWSPOSITIVE STORIES

വീൽചെയറിൽ വിവാഹ മണ്ഡപത്തിലെത്തി ശ്രുതി; ചേർത്ത്പിടിച്ച് ജയരാജ്

മൂവാറ്റുപുഴ: ശ്രുതി ഇനി പരിമിതികളിൽ വേച്ചുവീഴില്ല, ജയരാജ് കൈപിടിച്ച് അവളോടൊപ്പം ഉണ്ടാകും. സെറിബ്രൽ പൾസിയുടെ വെല്ലുവിളികളെ കഠിനാധ്വാനത്തിലൂടെയാണ് ശ്രുതി അതിജീവിച്ചത്. ജയരാജ് ആ ആത്മശക്തിയെ സ്വീകരിച്ചാണ് ശ്രുതിയെ തന്‍റെ പങ്കാളിയാക്കിയത്.

സുകുമാരന്‍റെയും സുജയുടെയും മകളാണ് തൃക്കളത്തൂർ പുഞ്ചക്കാലയിൽ ആർ.ശ്രുതി. സെറിബ്രൽ പൾസിയുള്ള പെൺകുട്ടിയിൽ നിന്ന് മൂവാറ്റുപുഴ അർബൻ ബാങ്കിൽ സീനിയർ ക്ലാർക്കായി ശ്രുതി വളർന്നു. ഇപ്പോൾ വരനായി ജയരാജും എത്തിയിരിക്കുന്നു. സൗദി അറേബ്യയിൽ എൻജിനീയറായ ജയരാജ് തൃക്കാരിയൂർ മോളത്തേകുടിയിൽ ശിവന്‍റെയും രാജമ്മയുടെയും മകനാണ്. മോട്ടോർ ഘടിപ്പിച്ച വീൽചെയറിലാണ് ശ്രുതി വിവാഹ മണ്ഡപത്തിലെത്തിയത്. തന്‍റെ രണ്ട് കാലുകൾക്കും ഒരു കൈയിലും യാതൊരു സ്വാധീനവുമില്ലാത്ത ശ്രുതി തന്‍റെ ജീവിതത്തിന്‍റെ ഭൂരിഭാഗവും വീൽചെയറിലാണ് ചെലവഴിച്ചത്.

ശ്രുതിക്ക് അധ്യാപകനും സുഹൃത്തുമായിരുന്നു ജയരാജ്. ചികിത്സാ സമയത്തും നട്ടെല്ലിനുള്ള വളവ് മാറാനുള്ള സങ്കീർണമായ ശസ്ത്രക്രിയാ സമയത്തുമെല്ലാം കൂടെ നിന്ന വ്യക്തി. ജീവിതപങ്കാളിയാകാൻ താൽപര്യം പ്രകടിപ്പിച്ചിരുന്ന ജയരാജിനെ തന്‍റെ പരിമിതികൾ ചൂണ്ടിക്കാട്ടി ശ്രുതി ആദ്യം നിരുത്സാഹപ്പെടുത്തി. നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയ അമൃത ആശുപത്രി, ഡോ. കൃഷ്ണകുമാറാണ് ശ്രുതിയെ വിവാഹം കഴിക്കാൻ പ്രേരിപ്പിച്ചത്. ഇതോടെ ശ്രുതി സമ്മതിച്ചു. മാതാപിതാക്കളും സഹോദരൻ ആനന്ദും നൽകിയ കരുതലിന്‍റെയും പിന്തുണയുടെയും ബലത്തിലാണ് ശ്രുതി ജീവിതത്തിലേക്ക് കാലുറപ്പിച്ചത്.