Sunday, December 22, 2024
GULFLATEST NEWSSPORTS

ചരിത്രം കുറിച്ച് ലുസൈൽ സ്റ്റേഡിയം; സൂപ്പർ കപ്പ് കാണാൻ എത്തിയത് 77,575 പേർ

ദോഹ: ഖത്തറിന്‍റെ കായിക ഭൂപടത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ലുസൈൽ സ്റ്റേഡിയം. ലോകകപ്പ് ഫൈനൽ വേദി കൂടിയായ സ്റ്റേഡിയത്തിൽ ലുസൈൽ സൂപ്പർ കപ്പ് കാണാൻ 77,575 പേരാണ് എത്തിയത്. ലോകകപ്പിന് മുമ്പുള്ള ടെസ്റ്റ് ടൂർണമെന്‍റ് കൂടിയായിരുന്നു ഇത്. 80,000 പേർക്ക് ഇരിക്കാവുന്ന ലുസൈൽ ലോകകപ്പിനായി ഖത്തർ നിർമ്മിച്ച ഏറ്റവും വലിയ സ്റ്റേഡിയമാണ്.

കാണികളുടെ എണ്ണത്തിന്‍റെ കാര്യത്തിൽ, ലോകകപ്പ് ഉദ്ഘാടന വേദിയാകുന്ന അൽഖോറിലെ അൽബെയ്ത്തിന്റെ ചരിത്രം മറികടന്നാണു ലുസെയ്ൽ സ്റ്റേഡിയം പുതിയ ചരിത്രമെഴുതിയത്. അൽബൈത്ത് സ്റ്റേഡിയത്തിൽ ഖത്തറും യു.എ.ഇയും തമ്മിൽ കഴിഞ്ഞ വർഷം നടന്ന ഫിഫ അറബ് കപ്പ് മത്സരം കാണാൻ 63,439 കാണികളാണ് എത്തിയത്.

ദോഹ മെട്രോയിലാണ് ഭൂരിഭാഗം കാണികളും സ്റ്റേഡിയത്തിലെത്തിയത്. സൗദി അറേബ്യയിൽ നിന്നും ഈജിപ്തിൽ നിന്നുമുള്ള നൂറുകണക്കിന് ആരാധകർ പങ്കെടുത്തു. കലാസാംസ്കാരിക പ്രകടനങ്ങളും കവാടങ്ങളിൽ നടന്നു. ഈജിപ്തിലെ പ്രശസ്ത ഗായകൻ അമ്ര ദിയാബിന്റെ ഒരു മണിക്കൂർ നീണ്ട സംഗീത നിശ ടൂർണമെന്‍റിനെ ഒരു ആഘോഷമാക്കി മാറ്റി. വർണ്ണാഭമായ വെടിക്കെട്ട് പ്രദർശനം സ്റ്റേഡിയത്തിന്‍റെ രാത്രി ഭംഗി വർദ്ധിപ്പിച്ചു.