Monday, November 25, 2024
LATEST NEWSSPORTS

യു എസ് ഓപ്പണ്‍; ഫൈനലില്‍ കാര്‍ലോസ് അല്‍കാരസും കാസ്പര്‍ റൂഡും

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ പുരുഷ വിഭാഗത്തില്‍ ഇത്തവണ പുതിയ ചാമ്പ്യനുണ്ടാകുമെന്ന കാര്യമുറപ്പായി. സ്‌പെയിനിന്റെ ലോക നാലാം നമ്പര്‍ താരമായ കാര്‍ലോസ് അല്‍കാരസ് ഗാര്‍ഫിയയും നോര്‍വേയുടെ അഞ്ചാം സീഡ് കാസ്പര്‍ റൂഡുമാണ് യുഎസ് ഓപ്പണിന്റെ പുരുഷ വിഭാഗം ഫൈനലില്‍ പ്രവേശിച്ചത്. ഇരുവരും ഇതാദ്യമായാണ് യുഎസ് ഓപ്പൺ ഫൈനലിലെത്തുന്നത്.

അമേരിക്കയുടെ ഫ്രാന്‍സിസ് ടിയാഫോയെ കീഴടക്കിയാണ് അല്‍കാരസ് ഫൈനലിലെത്തിയത്. സെമിയിലെ അഞ്ച് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് അല്‍ക്കാരസ് വിജയം നേടിയത്. സ്‌കോര്‍: 6-7, 6-3, 6-1, 5-7, 6-3. മികച്ച പ്രകടനമാണ് ടൂര്‍ണമെന്റിലുടനീളം അട്ടിമറികളുമായി മുന്നേറിയ ടിയാഫോ ഫൈനലില്‍ പുറത്തെടുത്തത്. അവസാന സെറ്റില്‍ എന്നാല്‍ അവസരത്തിനൊത്തുയര്‍ന്ന അല്‍കാരസ് വിജയം നേടുകയായിരുന്നു. അല്‍കാരസിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്.

അട്ടിമറികളുമായി മുന്നേറിയ റഷ്യയുടെ കാരന്‍ ഖച്ചനോവിനെ മറികടന്നാണ് കാസ്പര്‍ റൂഡ് ഫൈനലിൽ കടന്നത്. 4 സെറ്റ് നീണ്ടുനിന്ന സെമി പോരാട്ടത്തില്‍ എതിരാളിയ്ക്ക് മേല്‍ വ്യക്തമായ ആധിപത്യമാണ് റൂഡ് പുലര്‍ത്തിയത്. സ്‌കോര്‍: 7-6, 6-2, 5-7, 6-2 ആണ്. റൂഡിനിത് ഈ വര്‍ഷത്തെ രണ്ടാം ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. 2022 ഫ്രഞ്ച് ഓപ്പണിലും താരം ഫൈനലിലെത്തിയിരുന്നു. എന്നാല്‍ ഫൈനലില്‍ ഇതിഹാസം റാഫേല്‍ നദാലിനോട് തോല്‍വി വഴങ്ങുകയായിരുന്നു. യു.എസ്. ഓപ്പണില്‍ ഇതാദ്യമായാണ് റൂഡ് ഫൈനലിലെത്തുന്നത്.