Tuesday, December 3, 2024
LATEST NEWSPOSITIVE STORIES

യാത്രയ്ക്കിടയിൽ ശ്വാസം നിലച്ചു; വൃദ്ധയെ ജീവിതത്തിലേക്കു കൈപിടിച്ചു കയറ്റി യാത്രക്കാരിയായ ഡോക്ടർ

മൂവാറ്റുപുഴ: ബസ് യാത്രയിൽ ശ്വാസം നിലച്ച് അബോധാവസ്ഥയിൽ ആയ വയോധികയെ ജിവിതത്തിലേക്കു കൈപിടിച്ചു കയറ്റി ബസിലെ യാത്രക്കാരിയായ വനിത ഡോക്ടർ. തൊടുപുഴ- എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലാണു ഡോക്ടറും ജീവനക്കാരും യാത്രക്കാരും ചേർന്നുള്ള രക്ഷാപ്രവർത്തനം ഒരു വയോധികയുടെ ജീവൻ രക്ഷിച്ചത്. ആവോലി കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ.കെ.ജൂനിയ ആണ് പുതിയകാവ് സ്വദേശിയായ പുഷ്പയുടെ ജീവനു തുണയായത്.

ഭർത്താവിനൊപ്പം മൂവാറ്റുപുഴയിലേക്ക് പോകുന്നതിനിടെ പെരുവംമൂഴിയിൽ എത്തിയപ്പോഴാണ് പുഷ്പ സീറ്റിൽ കുഴഞ്ഞുവീണത്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയിരുന്ന പുഷ്പയ്ക്ക് യാത്രക്കാർ വെള്ളം നൽകിയെങ്കിലും കൂടുതൽ ദുർബലയായി ചലനം നിലച്ചു. ആവോലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ.ജുനിയ പുഷ്പയെ പരിശോധിച്ച് ഉടൻ തന്നെ സി.പി.ആർ നൽകി. തുടർച്ചയായി സിപിആർ നൽകിയ ശേഷം പുഷ്പ ശ്വസിക്കാൻ തുടങ്ങിയെങ്കിലും എഴുന്നേൽക്കാൻ കഴിഞ്ഞില്ല. ബസ് വാളകത്ത് എത്തിയപ്പോൾ ജുനിയ അവരോട് നിർത്താൻ നിർദ്ദേശിക്കുകയും സിപിആർ നൽകുന്നത് തുടരുകയും ചെയ്തു. ബസിലെ യാത്രക്കാർ ഇതിനകം തന്നെ ആംബുലൻസ് സേവനത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ആംബുലൻസ് എത്തിയപ്പോഴേക്കും പുഷ്പയ്ക്ക് എഴുന്നേറ്റു നിൽക്കാൻ കഴിഞ്ഞു. പുഷ്പയെ പിന്നീട് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അടിയന്തര ചികിത്സ നൽകിയതിനാലാണ് ജീവൻ രക്ഷിക്കാൻ കഴിഞ്ഞതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വയോധികയുടെ ജീവൻ രക്ഷിച്ച ജുനിയയെ മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ ആരോഗ്യ മേളയിൽ ഡീൻ കുര്യാക്കോസ് എംപി ആദരിച്ചു.