ഈ ദശകത്തിന്റെ അവസാനത്തോടെ രാജ്യത്ത് 6 ജി പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ, ഈ ദശകത്തിന്റെ അവസാനത്തോടെ 6 ജി പുറത്തിറക്കാൻ സർക്കാർ തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2022 ന്‍റെ ഗ്രാൻഡ് ഫിനാലെയിൽ വീഡിയോ കോൺഫറൻസിംഗ് വഴി നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
കാർഷിക, ആരോഗ്യ മേഖലകളിൽ ഡ്രോൺ സാങ്കേതികവിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് യുവാക്കൾക്ക് പുതിയ സൊല്യൂഷൻസിൽ പ്രവർത്തിക്കാൻ കഴിയും. ഈ ദശകത്തിന്റെ അവസാനത്തോടെ 6 ജി വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഗെയിമിംഗിലും, വിനോദത്തിലും ഇന്ത്യൻ സൊല്യൂഷൻസ് സർക്കാർ പ്രോത്സാഹിപ്പിക്കും. സർക്കാർ നിക്ഷേപം നടത്തുന്ന രീതി, എല്ലാ യുവാക്കൾക്കും പ്രയോജനപ്പെടുത്താം, പ്രധാനമന്ത്രി പറഞ്ഞു.
ഓരോ ദിവസവും പുതിയ മേഖലകളും വെല്ലുവിളികളും നൂതനമായ പരിഹാരങ്ങളും തേടുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൃഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് അദ്ദേഹം നൂതനാശയ പ്രവർത്തകരോട് അഭ്യർത്ഥിച്ചു. ഓരോ ഗ്രാമത്തിലും ഒപ്റ്റിക്കൽ ഫൈബർ, 5ജി വിക്ഷേപണം, ഗെയിമിംഗ് ഇക്കോസിസ്റ്റത്തിന്‍റെ പ്രോത്സാഹനം തുടങ്ങിയ സംരംഭങ്ങൾ പൂർണമായും പ്രയോജനപ്പെടുത്താൻ അദ്ദേഹം യുവാക്കളോട് അഭ്യർത്ഥിച്ചു.
ഈ വർഷം ഒക്ടോബർ മുതൽ തന്നെ 5 ജി പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2-3 വർഷത്തിനുള്ളിൽ 5 ജി സേവനങ്ങൾ രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും എത്തും. 5 ജി ചാർജുകൾ താങ്ങാനാവുന്നതാക്കി മാറ്റാൻ കമ്പനികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. നമ്മുടെ മൊബൈൽ സർവീസ് ചാർജുകൾ ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കുകളിൽ ഒന്നാണ്. ലോകോത്തര നിലവാരമുള്ള 5 ജി സേവനങ്ങൾ
ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.