Friday, January 17, 2025
GULFLATEST NEWS

ലുസൈൽ സൂപ്പർ കപ്പ് കാണാൻ ഫാൻ ഐഡി നിർബന്ധം

ദോഹ: ലുസൈൽ സൂപ്പർ കപ്പ് കാണാൻ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ഫാൻ ഐഡി അല്ലെങ്കിൽ ഹയ കാർഡ് നിർബന്ധം. സെപ്റ്റംബർ 6 മുതൽ 11 വരെയാണ് ഹയ കാർഡിന്‍റെ വാലിഡിറ്റി. ഫിഫ ലോകകപ്പ് ഫൈനലിന്‍റെ വേദിയായ ലുസൈൽ സ്റ്റേഡിയത്തിൽ ഒക്ടോബർ 9 ന് സൂപ്പർ കപ്പ് മത്സരം നടക്കും.

ടിക്കറ്റ് ബുക്ക് ചെയ്തവർ ഡിജിറ്റൽ കാർഡിന് ഹയ കാർഡ് പോർട്ടൽ (https://hayya.qatar2022.qa/) വഴി അപേക്ഷിക്കണം. മത്സരം കാണാനുള്ള ടിക്കറ്റുകൾ ഫിഫയുടെ വെബ്സൈറ്റിൽ നിന്ന് ലഭിക്കും. (https://www.fifa.com/fifaplus/en/tournaments/mens/lusail-super-cup). ഈ മാസം 18 ന് ആരംഭിച്ച വിൽപ്പനയ്ക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്. 40 റിയാൽ, 80 റിയാൽ, 150 റിയാൽ, 200 റിയാൽ എന്നിങ്ങനെ നാല് കാറ്റഗറികളിലായാണ് ടിക്കറ്റ് ലഭിക്കുക.

സൗദി പ്രോ ലീഗ് ജേതാക്കളും ഈജിപ്ഷ്യൻ പ്രീമിയർ ലീഗ് ചാമ്പ്യൻമാരും തമ്മിലുള്ള മത്സരം കാണാനുള്ള ആവേശം മാത്രമല്ല, 80,000 പേർക്ക് ഇരിക്കാൻ ശേഷിയുള്ള ലോകകപ്പ് ഫൈനൽ വേദിയായ ലുസൈൽ കാണാനുള്ള ആകാംഷയുമാണ് ടിക്കറ്റ് ഡിമാൻഡ് വർദ്ധിക്കാനുള്ള കാരണം. ജൂൺ 11ന് ഖത്തർ സ്റ്റാർസ് ലീഗിൽ അൽ റയ്യാനും അൽ അറബിയും തമ്മിലായിരുന്നു സ്റ്റേഡിയത്തിലെ ആദ്യ മത്സരം. മത്സരം കാണാൻ ഗാലറിയിൽ പകുതിയിലേറെ കാണികളെത്തി.