Tuesday, December 17, 2024
GULFLATEST NEWS

ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക് മടങ്ങുന്നു

ദുബായ്: മണൽക്കാറ്റ് ഉൾപ്പെടെ മോശം കാലാവസ്ഥയെ തുടർന്നുണ്ടായ രണ്ട് ദിവസത്തെ പ്രതിസന്ധിക്ക് ശേഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളം സാധാരണ നിലയിലേക്ക് മടങ്ങുന്നു. കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് അനുഭവപ്പെട്ട കനത്ത മണൽക്കാറ്റ് കാരണം 44 വിമാനങ്ങൾ റദ്ദാക്കുകയും 12 വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.

മണലും പൊടിയും വീശുകയും നഗരത്തിന്‍റെ ഭൂരിഭാഗവും മൂടുകയും ചില പ്രദേശങ്ങളിൽ കാഴ്ച 500 മീറ്റർ വരെ കുറയുകയും ചെയ്തെങ്കിലും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങളെ ഇന്നലെ (തിങ്കളാഴ്ച) രാവിലെ കാര്യമായി ബാധിച്ചില്ല. ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ 50 മിനിറ്റ് വൈകിയെങ്കിലും, കാലാവസ്ഥ മൂലമുണ്ടായ തടസ്സങ്ങൾ പരമാവധി കുറയ്ക്കാൻ കഴിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി മേഖലയിലെ കാലാവസ്ഥാ വ്യതിയാനം മൂലം കാലതാമസം നേരിടുകയാണ്. 

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ (ഡിഎക്സ്ബി) പ്രവർത്തനങ്ങൾ സാധാരണ നിലയിലാണെന്ന് എയർപോർട്ട് പ്രതിനിധി അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്കും തിങ്കളാഴ്ച രാവിലെക്കും ഇടയിൽ 44 വിമാനങ്ങളാണ് റദ്ദാക്കിയത്. 12 വിമാനങ്ങൾ ദുബായ് വേൾഡ് സെൻട്രലിലേക്കും (ഡിഡബ്ല്യുസി) മറ്റ് അയൽ വിമാനത്താവളങ്ങളിലേക്കും വഴിതിരിച്ചുവിടുകയും പിന്നീട് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കോ അതത് താവളത്തിലേക്കോ മടങ്ങുകയും ചെയ്തു. എല്ലാ യാത്രക്കാരോടും അവരുടെ വിമാനങ്ങളുടെ നിലയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കുന്നതിന് അവരുടെ എയർലൈനുകളുമായി ബന്ധപ്പെടാൻ അഭ്യർത്ഥിച്ചു.