Tuesday, December 17, 2024
LATEST NEWSPOSITIVE STORIES

രാജ്യസ്നേഹം ഇങ്ങനെയും; മകള്‍ക്ക് ‘ഇന്ത്യ’ എന്ന് പേരിട്ട് ദമ്പതികൾ

പുലിയന്നൂർ (പാലാ): ജൂലൈ 12നാണ് രഞ്ജിത്ത് രാജനും ഭാര്യ സനയ്ക്കും പെൺകുഞ്ഞ് പിറന്നത്. കുഞ്ഞിന്‍റെ പേരിന് വേണ്ടി രഞ്ജിത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ‘ഇന്ത്യ’ എന്ന പേര് മനസ്സിൽ ഉറപ്പിച്ചതാണ്. ഓരോ ഇന്ത്യക്കാരനും ഇന്ത്യ എന്ന പേരിൽ അഭിമാനിക്കുമ്പോൾ, അത് അവരുടെ മകൾക്ക് ഇരട്ട അഭിമാനമായിരിക്കട്ടെ എന്ന് പ്രണയിച്ച് വിവാഹിതരായ ദമ്പതികൾ പറയുന്നു.

പുലിയന്നൂർ വലിയമറ്റത്തിൽ രഞ്ജിത്ത് ഒരു പട്ടാളക്കാരനാകാനാണ് ആഗ്രഹിച്ചത്. പക്ഷേ വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം ഒൻപതാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്നു. ഒരു സൈനികനാകാനോ രാജ്യത്തിനായി എന്തെങ്കിലും ചെയ്യാനോ കഴിയാത്തത് രഞ്ജിത്തിനെ വളരെയധികം വിഷമിപ്പിച്ചുവെന്നും ഒരു പെൺകുഞ്ഞ് ജനിച്ചാൽ കുട്ടിക്ക് ‘ഇന്ത്യ’ എന്ന് പേരിടാൻ ആഗ്രഹം പ്രകടിപ്പിക്കുമായിരുന്നുവെന്നും സന സാക്ഷ്യപ്പെടുത്തുന്നു.

കുഞ്ഞിന് ‘ഇന്ത്യ’ എന്ന് പേരിട്ടപ്പോൾ ചിലർ അവിശ്വാസത്തോടെയാണ് നോക്കിയിരുന്നതെന്നും എന്നാൽ ഇപ്പോൾ എല്ലാവർക്കും ആ പേര് ഇഷ്ടമാണെന്നും സന പറയുന്നു. പാലായിലെ സർക്കാർ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ആശുപത്രിയിൽ ജനന സർട്ടിഫിക്കറ്റിന്‍റെ ആവശ്യത്തിനായി ഫോം പൂരിപ്പിച്ചപ്പോൾ കുഞ്ഞിന്റെ പേരിന്റെ സ്ഥാനത്ത് ‘ഇന്ത്യ’ എന്നെഴുതി. ദേശീയതയെഴുതാനുള്ള കോളമല്ല ഇതെന്നായിരുന്നു നഴ്സിന്‍റെ മറുപടിയെന്ന് പാലായിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്ന രഞ്ജിത്ത് ചിരിച്ചു കൊണ്ട് പറയുന്നു.