Saturday, November 23, 2024
HEALTHLATEST NEWS

മറവിരോ​ഗത്തെ പ്രതിരോധിക്കുന്ന ഘടകങ്ങൾ കണ്ടെത്തി ​ഗവേഷകർ

ലോകത്താകമാനം 5.5 കോടിയിലധികം ആളുകളെ മറവിരോഗം ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഓരോ വർഷം കഴിയുന്തോറും മറവിരോഗികളുടെ എണ്ണം കുത്തനെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രമേഹം, വിഷാദം, രക്താതിമർദ്ദം, അമിതമായ മദ്യപാനം, പുകവലി തുടങ്ങിയ ചില ഘടകങ്ങൾ മറവിരോഗം വർദ്ധിപ്പിക്കുമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ചില ശാരീരിക പ്രവർത്തനങ്ങളിലൂടെ മറവിരോഗം ഒരു പരിധിവരെ തടയാൻ കഴിയുമെന്ന് മുമ്പത്തെ ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഏത് ശാരീരിക പ്രവർത്തനങ്ങൾ ഡിമെൻഷ്യയെ തടയാൻ സഹായിക്കും എന്നതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. ഇപ്പോഴിതാ അതിനുള്ള ഉത്തരവും ഗവേഷകർ കണ്ടെത്തിയിരിക്കുകയാണ്. ന്യൂറോളജി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

മാനസികമായും ശാരീരികമായും സജീവമായിരിക്കുന്നത് വഴി മറവിരോഗം ഒരു പരിധി വരെ തടയാൻ കഴിയുമെന്ന് പുതിയ പഠനം പറയുന്നു. വ്യായാമ ശീലം, വീട്ടുജോലികൾ, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം പങ്കിടൽ എന്നിവ ഡിമെൻഷ്യയുടെ അപകടസാധ്യത കുറയ്ക്കുമെന്ന് ഗവേഷകർ കണ്ടെത്തി. യുകെയിൽ നിന്നുള്ള 501,376 പേരെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. പഠനത്തിൽ പങ്കെടുത്തവർ 56 വയസ്സുളളവരായിരുന്നു. അവരുടെ പ്രവർത്തനങ്ങൾ 10 വർഷത്തോളം സൂക്ഷ്മമായി നിരീക്ഷിച്ചാണ് വിലയിരുത്തലിൽ എത്തിയത്.

പഠനത്തിന്‍റെ തുടക്കത്തിൽ, ഓരോ വ്യക്തിക്കും അവരുടെ ശാരീരിക പ്രവർത്തനങ്ങളെ കുറിച്ചും ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്കായി സമയം ചെലവഴിക്കുന്നതിനെ കുറിച്ചും വീട്ടുജോലികളെ കുറിച്ചും ഉളള ചോദ്യങ്ങൾ നൽകിയിരുന്നു. പഠനത്തിൽ പങ്കെടുക്കുന്നവരുടെ കുടുംബ ചരിത്രം പരിശോധിച്ച് മറവിരോഗത്തിന്‍റെ അപകടസാധ്യതയും നിരീക്ഷിച്ചു. തുടർചികിത്സാ കാലയളവിൽ 5,185 പേർക്ക് ഡിമെൻഷ്യയുടെ ലക്ഷണങ്ങൾ കണ്ടെത്തി. ഇവരിൽ ഭൂരിഭാഗവും പ്രായമായവരും പുരുഷൻമാരും ഹൈപ്പർടെൻഷൻ, ഹൈപ്പർലിപിഡെമിയ എന്നിവയുടെ ചരിത്രമുള്ളവരാണെന്ന് കണ്ടെത്തി. മാത്രമല്ല, ഈ ആളുകളിൽ സാമൂഹിക ഇടപെടലുകൾ കുറവാണെന്നും ബോഡി മാസ് ഇൻഡക്സ് കൂടുതലായും കണ്ടെത്തി.