Sunday, December 22, 2024
LATEST NEWSTECHNOLOGY

മുന്നോട്ടു തന്നെ ; എസ്എസ്എൽവി–ഡി2 വിക്ഷേപണം ഉടനെന്ന് ഐഎസ്ആർഒ

ശ്രീഹരിക്കോട്ട: എസ്എസ്എൽവി ഡി 1 ദൗത്യം പ്രതീക്ഷിച്ചതുപോലെ വിജയിക്കാത്തതിനാൽ അടുത്ത വിക്ഷേപണത്തിന് ഒരുങ്ങി ഐഎസ്ആർഒ. എസ്എസ്എൽവി ഡി 2 ഉടൻ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. വിക്ഷേപണ തീയതി ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉടൻ പ്രഖ്യാപിക്കും.

“ചെറിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാൻ ഐഎസ്ആർഒ രൂപകൽപ്പന ചെയ്തതാണ് സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ(എസ്എസ്എൽവി). ഞായറാഴ്ചത്തെ ആദ്യ വിക്ഷേപണത്തിന്‍റെ എല്ലാ ഘട്ടങ്ങളും പൂർത്തിയായെങ്കിലും എസ്എസ്എൽവി വഹിക്കുന്ന രണ്ട് ഉപഗ്രഹങ്ങളെയും ഉദ്ദേശിച്ച ഭ്രമണപഥത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല. അതിനാൽ, ഉപഗ്രഹങ്ങൾ പ്രവർത്തിക്കില്ല,” ഐഎസ്ആർഒ പത്രക്കുറിപ്പിൽ പറഞ്ഞു.

വിക്ഷേപണത്തിൽ എന്തെങ്കിലും പിശക് സംഭവിച്ചിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഐഎസ്ആർഒ നിയോഗിച്ച സമിതി പരിശോധിക്കും. എസ്എസ്എൽവി-ഡി1 ഭൗമ നിരീക്ഷണ ഉപഗ്രഹം (ഇഒഎസ്-02), ആസാദിസാറ്റ് എന്നിവ വഹിച്ച് കൊണ്ടാണ് കുതിച്ചത്. സ്പേസ് കിഡ്സ് ഇന്ത്യ എന്ന സ്റ്റാർട്ടപ്പിന്‍റെ നേതൃത്വത്തിൽ ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ നിന്നുള്ള 750 വിദ്യാർത്ഥികളാണ് ആസാദിസാറ്റ് വികസിപ്പിച്ചെടുത്തത്.