Tuesday, December 17, 2024
LATEST NEWSSPORTS

കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ്: കലാശക്കൊട്ടിനിറങ്ങാൻ ഇന്ത്യ

ബിർമിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ന് കലാശക്കൊട്ടിനിറങ്ങാൻ ഇന്ത്യ. ഓസ്ട്രേലിയയുമായുള്ള ഫൈനൽ ഇന്ത്യൻ സമയം രാത്രി 9.30ന് ബിർമിങ്‌ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ആരംഭിക്കും. ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രേലിയയോട് മാത്രമാണ് ഇന്ത്യ തോറ്റത്. കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിലും ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റിരുന്നു. അതിനാൽ തന്നെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് അത്ര എളുപ്പമുള്ള യുദ്ധമായിരിക്കില്ല.

സെമി ഫൈനലിൽ കരുത്തരായ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. ഓസ്ട്രേലിയ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഫൈനലിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. ആവേശം നിറഞ്ഞ രണ്ട് മത്സരങ്ങളും അവസാന ഓവർ വരെ നീണ്ടുനിന്നു.

ആദ്യ സെമി ഫൈനലിൽ ഇന്ത്യ 4 റൺസിന് വിജയിച്ചു. ഇന്ത്യ ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ആദ്യം പതറിപ്പോയെങ്കിലും അവസാന ഘട്ടത്തിലെ ഉജ്ജ്വല ബൗളിംഗ് മത്സരം ജയിക്കാൻ ഇന്ത്യയെ സഹായിച്ചു. 41 റൺസെടുത്ത നതാലി സിവറാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. ഓപ്പണർ ഡാനിയൽ വ്യാട്ട് 35 റൺസെടുത്തു. ഇന്ത്യക്കായി സ്നേഹ് റാണ രണ്ട് വിക്കറ്റ് വീഴ്ത്തി.