മുകേഷ് അംബാനിയും ഗൗതം അദാനിയും കൊമ്പു കോർക്കുമോ?
ന്യൂഡൽഹി: മുകേഷ് അംബാനിയും ഗൗതം അദാനിയും ഇന്ത്യൻ വ്യവസായ ലോകത്തെ ഏറ്റവും ശക്തരായ രണ്ട് വ്യവസായികളാണ്. വർഷങ്ങളായി ഇരുവരും ഇന്ത്യൻ ഇൻഡസ്ട്രിയിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും ഇരുവരും തമ്മിൽ ഒരിക്കലും ഏറ്റുമുട്ടിയിട്ടില്ല. മുകേഷ് ആധിപത്യം പുലർത്തുന്ന മേഖലയിലേക്ക് അദാനി ഇതുവരെ കടന്നിട്ടില്ല. മറുവശത്ത് മുകേഷ് അംബാനിയും ഇതേ സമീപനമാണ് സ്വീകരിച്ചത്.
എന്നിരുന്നാലും, ഇപ്പോൾ കാര്യങ്ങൾ അതിവേഗം മാറുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 5ജി ലേലത്തിൽ പങ്കെടുത്ത ശേഷം ഗൗതം അദാനി മുകേഷ് അംബാനിയുടെ സാമ്രാജ്യത്തിലേക്ക് കടന്നുകയറുകയാണെന്നാണ് റിപ്പോർട്ടുകൾ. ടെലികോം മേഖലയിലെ ഉപഭോക്തൃ ബിസിനസിലേക്ക് തൽക്കാലം പ്രവേശിക്കില്ലെന്ന് അദാനി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഈ നിലപാട് എത്രകാലം തുടരുമെന്ന ചോദ്യമാണ് ഉയരുന്നത്.
മുകേഷ് അംബാനിയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാവസായിക മേഖലയാണ് ടെലികോം. ഇവിടെയാണ് അദാനി 5ജി ലേലത്തിലൂടെ എത്തുന്നത്. ഗൗതം അദാനിയോ മുകേഷ് അംബാനിയോ പുതിയ സംഭവവികാസങ്ങളോട് പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാൽ വരും ദിവസങ്ങളിൽ, വ്യവസായത്തിൽ അനുരണനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.