Saturday, January 18, 2025
LATEST NEWSTECHNOLOGY

വഴികാണിക്കാൻ 11 വർഷത്തെ ഇടവേളക്കുശേഷം ഗൂഗിൾ സ്ട്രീറ്റ് വ്യൂ എത്തുന്നു

ഒരിടവേളയ്ക്ക് ശേഷം, ഗൂഗിൾ സ്ട്രീറ്റ് വ്യൂ വീണ്ടും രാജ്യത്ത് പ്രവർത്തിക്കാൻ തുടങ്ങി. 11 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഇന്ത്യയിൽ തിരിച്ചെത്തിയത്. സ്വകാര്യതാ പ്രശ്നങ്ങളെ തുടർന്ന് 2011ലാണ് സ്ട്രീറ്റ് വ്യൂ ആപ്പ് സർക്കാർ നിരോധിച്ചത്. ഉപഭോക്താക്കൾക്ക് ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ വീണ്ടും ലഭ്യമാകുന്ന ഈ ആപ്പ് 10 ഇന്ത്യൻ നഗരങ്ങളിൽ നിന്നുള്ള ഡാറ്റയുമായി പ്രവർത്തിക്കാൻ തുടങ്ങി. ഈ വർഷം അവസാനത്തോടെ 50 നഗരങ്ങളിലെ വിവരങ്ങൾ ലഭ്യമാക്കുമെന്ന് ഗൂഗിൾ ഇന്ത്യ അധികൃതർ അറിയിച്ചു.

വാഹനങ്ങൾ പകർത്തിയ ചിത്രങ്ങൾ ഉപയോഗിച്ച് തെരുവുകളുടെ 360 ഡിഗ്രി കാഴ്ചകൾ വാഗ്ദാനം ചെയ്യുന്ന ആപ്ലിക്കേഷനാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ. ഗൂഗിൾ മാപ്സുമായി സഹകരിച്ചാണ് ആപ്പ് പ്രവർത്തിക്കുന്നത്. ടെക് മഹീന്ദ്ര, ജെനെസിസ് എന്നിവയിൽ നിന്നുള്ള 10 ഇന്ത്യൻ നഗരങ്ങളുടെ ഡാറ്റ എടുത്താണ് കമ്പനി ആരംഭിക്കുന്നത്. നിലവിൽ ഡൽഹി, മുംബൈ, പൂനെ, ബെംഗളൂരു, ചെന്നൈ, വഡോദര, അമൃത്സർ എന്നിവയാണ് സ്ട്രീറ്റ് വ്യൂ ലഭ്യമായ നഗരങ്ങൾ. മറ്റ് പ്രധാന നഗരങ്ങളായ ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നുള്ള ഡാറ്റയും ഉടൻ ചേർക്കാൻ സാധ്യതയുണ്ട്.

സ്ഥലങ്ങളുടെ 360 ഡിഗ്രി വ്യൂവിന്‍റെ വെർച്വൽ അനുഭവത്തിന് പുറമേ, നാവിഗേഷൻ, റിയലിസ്റ്റിക് ട്രാഫിക് അപ്ഡേറ്റുകൾ എന്നിവയ്ക്കും ആപ്പ് ഉപയോഗിക്കാം. റോഡുകളുടെ 360 ഡിഗ്രി വ്യൂ, ട്രാഫിക് സാഹചര്യം, തടസ്സങ്ങൾ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ ലഭിക്കാൻ ഈ ആപ്പ് ഡ്രൈവർമാരെ സഹായിക്കും. ലക്ഷ്യസ്ഥാനത്തിന്‍റെ വിഷ്വൽ റഫറൻസ് ഉപയോഗിച്ച് കൃത്യമായി നാവിഗേറ്റ് ചെയ്യാനും ഇത് ഉപയോഗിക്കാം.