Tuesday, December 17, 2024
GULFLATEST NEWS

ഫുജൈറയില്‍ കനത്ത വെളളക്കെട്ട്; വാഹനങ്ങൾ ഒഴുകി പോയി

ഫുജൈറ: യു.എ.ഇ.യുടെ പല ഭാഗങ്ങളിലും ബുധനാഴ്ച വ്യാപകമായ മഴ ലഭിച്ചു. ഫുജൈറയിൽ പെയ്ത കനത്ത മഴയിൽ റോഡിലും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. ഇതേതുടർന്ന് ദുരിതത്തിലായവർക്ക് ഓപ്പറേഷൻ ലോയൽ ഹാൻഡ്സും സിവിൽ അതോറിറ്റികളും സഹായം നൽകി. പ്രതിരോധ മന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രക്ഷാപ്രവർത്തനത്തിന്‍റെ ചിത്രങ്ങളും ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

രാജ്യത്തിന്‍റെ കിഴക്കൻ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ചില വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വാഹനങ്ങൾ ഒലിച്ചുപോയതായും റിപ്പോർട്ടുകളുണ്ട്. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഫുജൈറയിലും മഴക്കെടുതി ബാധിച്ച മറ്റ് പ്രദേശങ്ങളിലും രക്ഷാപ്രവർത്തകരെ വിന്യസിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നിർദ്ദേശം നൽകി.

അടിയന്തര സാഹചര്യം നേരിടാൻ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റിയുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കാൻ പോലീസ്, സിവിൽ ഡിഫൻസ് ടീമുകൾ തയ്യാറാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം, വിവിധ സർക്കാർ വകുപ്പുകളും സ്വകാര്യ കമ്പനികളും മഴക്കെടുതിയുള്ള പ്രദേശങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്.