Sunday, January 5, 2025
GULFHEALTHLATEST NEWS

സയാമീസ് ഇരട്ടകളായ മവദ്ദയെയും റഹ്‌മയെയും വ്യാഴാഴ്ച വേർപെടുത്തും

റിയാദ്: യമനിലെ സയാമീസ് ഇരട്ടകളായ മവദ്ദയെയും റഹ്മയെയും വേർപെടുത്താനുള്ള ശസ്ത്രക്രിയ സൽമാൻ രാജാവിന്‍റെ നിർദേശപ്രകാരം വ്യാഴാഴ്ച നടക്കും.

സൗദി തലസ്ഥാനമായ റിയാദിലെ നാഷണൽ ഗാർഡ് മന്ത്രാലയത്തിന്‍റെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുല്ല സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ. യമനിലെ ഏദൻ ഗവർണറേറ്റിൽ നിന്നുള്ളവരാണ് ഇരട്ടകൾ. സൗദി റോയൽ കോർട്ടിന്‍റെ ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്‍ററിന്‍റെ ജനറൽ സൂപ്പർവൈസറും മെഡിക്കൽ ആൻഡ് സർജിക്കൽ ടീം മേധാവിയുമായ ഡോ.അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ റബീഹയാണ് ഇക്കാര്യം അറിയിച്ചത്.

ആറ് ഘട്ടങ്ങളിലായി നടക്കുന്ന ശസ്ത്രക്രിയയിൽ ടെക്നീഷ്യൻമാർക്കും നഴ്സിംഗ് കേഡറുകൾക്കും പുറമെ 28 ഡോക്ടർമാരും സ്പെഷ്യലിസ്റ്റുകളും പങ്കെടുക്കും. ശസ്ത്രക്രിയയ്ക്ക് ഏകദേശം 11 മണിക്കൂർ സമയമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യമനി സയാമീസ് ഇരട്ട പെൺകുട്ടികളാണ് ഇവർ. രാജ്യത്തെ മെഡിക്കല്‍ ടീമിനും ആരോഗ്യ മേഖലയ്ക്കും നല്‍കുന്ന മികച്ച പിന്തുണയ്ക്ക് ഇരു ഹറം സൂക്ഷിപ്പുകാരനും കിരീടാവകാശിക്കും മെഡിക്കല്‍, സര്‍ജിക്കല്‍ ടീം അംഗങ്ങള്‍ക്കുവേണ്ടിയും തന്റെ പേരിലും ഡോ. അല്‍ റബീഅ നന്ദി അറിയിച്ചു.