Friday, November 15, 2024
LATEST NEWSSPORTS

ലോക ചാമ്പ്യൻഷിപ്പ് പുരുഷ ട്രിപ്പിൾ ജംപ് ഫൈനൽ റൗണ്ടിലെത്തിയ എൽദോസ് പോളിന് 9–ാം സ്ഥാനം

യുജീൻ (യുഎസ്): ലോക ചാമ്പ്യൻഷിപ്പിൽ പുരുഷൻമാരുടെ ട്രിപ്പിൾ ജമ്പ് ഫൈനൽ റൗണ്ടിലെത്തിയ ആദ്യ ഇന്ത്യൻ താരം എൽദോസ് പോൾ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. രണ്ടാം ശ്രമത്തിൽ 16.79 മീറ്റർ ചാടിയതാണ് എൽദോസിന്‍റെ മികച്ച കുതിപ്പ്. 25 കാരനായ എൽദോസ് തന്‍റെ ആദ്യ മൂന്ന് ശ്രമങ്ങളിൽ യഥാക്രമം 16.37, 16.79, 13.86 എന്നിങ്ങനെ പ്രകടനം നടത്തി.

12 പേർ മത്സരിച്ച മത്സരത്തിൽ ആദ്യ എട്ടിൽ ഇടം നേടാൻ കഴിഞ്ഞില്ല. എറണാകുളം രാമമംഗലം കൊച്ചുതോട്ടത്തിൽ പൗലോസിന്‍റെയും പരേതയായ മറിയക്കുട്ടിയുടെയും മകനാണ് എൽദോസ്. വിസാ പ്രശ്നങ്ങൾ കാരണം വൈകി മാത്രമേ യുഎസിൽ എത്താൻ കഴിഞ്ഞുള്ളൂ. തന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാൻ എൽദോസിന് കഴിഞ്ഞില്ല. ഏപ്രിലിൽ നടന്ന ഫെഡറേഷൻ കപ്പിൽ 16.99 മീറ്ററാണ് താരത്തിന്റെ വ്യക്തിഗത മികച്ച പ്രകടനം.

ഒളിമ്പിക് ചാമ്പ്യനായ പോർച്ചുഗലിന്‍റെ പെഡ്രോ പിക്കാർഡോയാണ് സ്വർണം നേടിയത്. 17.95 മീറ്റർ. പുരുഷൻമാരുടെ 4-400 മീറ്റർ റിലേയിൽ ഇന്ത്യ 12-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മുഹമ്മദ് അനസ് യഹിയ, മുഹമ്മദ് അജ്മൽ എന്നിവർക്കൊപ്പം നാഗനാഥൻ, രാജേഷ് രമേശ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. 3 മിനിറ്റും 7.29 സെക്കൻഡും. ഇതോടെ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡൽ നേട്ടം അവസാനിച്ചു.