Tuesday, December 17, 2024
LATEST NEWS

ഉള്ളിയുടെ വില കൂടില്ല; അടുത്ത മാസം മുതൽ ‘ബഫർ സ്റ്റോക്ക്’ വിപണിയിലേക്ക്

ദില്ലി: ബഫർ സ്റ്റോക്ക് ഉള്ളി വിപണിയിലേക്ക്. രാജ്യത്ത് ഉള്ളി വില നിയന്ത്രിക്കാൻ അടുത്ത മാസം മുതൽ കരുതൽ ശേഖരത്തിൽ നിന്ന് ഉള്ളി വിപണിയിലെത്തിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഓഗസ്റ്റ് മുതൽ കരുതൽ ശേഖരത്തിൽ നിന്ന് ഉള്ളി എത്തുന്നതോടെ വിപണിയിലെ ഉള്ളി വില നിയന്ത്രിതമാവുമെന്ന് ഭക്ഷ്യ പൊതുവിതരണ സഹമന്ത്രി അശ്വിനി കുമാർ ചൗബെ പറഞ്ഞു.

2022-23 വർഷത്തെ വിളവെടുപ്പിൽ 2.50 ലക്ഷം മെട്രിക് ടൺ ഉള്ളി കരുതൽ ശേഖരമായി സർക്കാർ സൂക്ഷിച്ചിട്ടുണ്ടെന്നും അതിനാൽ വില ഉയരുന്ന സാഹചര്യത്തിൽ കരുതൽ ശേഖരത്തിലുള്ള ഉള്ളി വിപണിയിൽ എത്തിച്ചാൽ വില നിയന്ത്രിക്കാൻ കഴിയുമെന്നും അശ്വിനി കുമാർ പറഞ്ഞു. സാധാരണയായി ഓഗസ്റ്റ് മുതൽ ഡിസംബർ വരെ ഉള്ളി വില ഉയരും. ഈ സമയങ്ങളിൽ ആയതിനാൽ അത് മുൻകൂട്ടി കണ്ട് ഓഗസ്റ്റിൽ തന്നെ സർക്കാർ കൂടുതൽ ചരക്ക് വിപണിയിലേക്ക് എത്തിക്കുന്നത്. ഇന്ത്യക്കാരുടെ ഭക്ഷണ രീതിയിൽ ഒഴിച്ച് നിർത്താൻ കഴിയാത്ത ഒന്ന് തന്നെയാണ് ഉള്ളി. അതിനാൽ പലപ്പോഴും ഉള്ളി വില ഉയരുന്നത് രാജ്യത്തെ സാധാരണക്കാരനെ വലയ്ക്കാറുണ്ട്.