Tuesday, December 17, 2024
HEALTHLATEST NEWS

മങ്കിപോക്സ്; കേരളത്തിലെ അഞ്ച് ജില്ലകളിൽ പ്രത്യേക ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ച് ജില്ലകളിൽ നിന്നുള്ളവര്‍ ഫ്ളൈറ്റ് കോണ്ടാക്ട് ഉള്ളതിനാല്‍ ആ ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നല്‍കിയിട്ടുണ്ട്. രാവിലെയും വൈകുന്നേരവും ആരോഗ്യ പ്രവർത്തകർ ഇവരെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കും. ഇവർക്ക് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ കൊവിഡ് ഉൾപ്പെടെയുള്ള പരിശോധന നടത്തും. മങ്കിപോക്സിന്‍റെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആ പരിശോധനയും നടത്തും. എല്ലാ ജില്ലകളിലും ഐസൊലേഷൻ സജ്ജമാക്കും. മെഡിക്കൽ കോളേജുകളിൽ പ്രത്യേക സൗകര്യങ്ങളും ഒരുക്കും. പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിയുടെ അധ്യക്ഷതയിൽ ആരോഗ്യവകുപ്പിന്‍റെ ഉന്നതതല യോഗം ചേർന്നു.

മങ്കിപോക്സ് സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഉള്ളതിനാൽ വിമാനത്താവളങ്ങൾ അതീവ ജാഗ്രത പുലർത്തണം. അനാവശ്യമായി ഭയപ്പെടുകയോ വിഷമിക്കുകയോ ചെയ്യരുത്. രോഗി സഞ്ചരിച്ച വിമാനത്തിൽ എത്തിയവർ സ്വയം നിരീക്ഷണത്തിലായിരിക്കണം. സംസ്ഥാന തലത്തിൽ മോണിറ്ററിംഗ് സെൽ സ്ഥാപിക്കും. എല്ലാ ജില്ലകളിലേക്കും മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കും.

കഴിഞ്ഞ മാസം 12ന് ഷാർജ-തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിൽ (6ഇ 1402, സീറ്റ് നമ്പർ 30 സി) വൈകിട്ട് 5 മണിക്ക് യുഎഇ 164 യാത്രക്കാരും ആറ് ക്യാബിൻ ക്രൂവുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഇയാളുടെ തൊട്ടടുത്ത് ഇരുന്ന 11 പേർ ഹൈ റിസ്ക് കോൺടാക്ട് ലിസ്റ്റിലുണ്ടായിരുന്നു. ഈ വിമാനത്തിൽ യാത്ര ചെയ്തവർ 21 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്വയം ഐസൊലേഷനിൽ കഴിയുകയും ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും വേണം. പലരുടെയും ഫോൺ നമ്പറുകൾ ലഭ്യമല്ലാത്തതിനാൽ പൊലീസിന്‍റെ സഹായത്തോടെ ഇവരെ ബന്ധപ്പെടുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.