Tuesday, December 17, 2024
HEALTHLATEST NEWS

സംസ്ഥാനത്ത് ആന്ത്രാക്‌സ് സ്ഥിരീകരിച്ചു; കാട്ടുപന്നികളിലാണ് രോഗം കണ്ടെത്തിയത്

തിരുവനന്തപുരം: സംസ്ഥാനത്ത് മൃഗങ്ങളിൽ ആന്ത്രാക്സ് സ്ഥിരീകരിച്ചു. അണുബാധ പടരുന്നത് തടയാൻ ആരോഗ്യവകുപ്പ് അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. തൃശൂരിലെ അതിരപ്പള്ളി വനമേഖലയിലെ കാട്ടുപന്നികളിലാണ് ആന്ത്രാക്സ് ബാധ സ്ഥിരീകരിച്ചത്. അതിരപ്പള്ളി വനമേഖലയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതേതുടർന്ന് ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും വനംവകുപ്പും അന്വേഷണം നടത്തിയിരുന്നു. അവരുടെ സാമ്പിളുകൾ പരിശോധിക്കുകയും അങ്ങനെ ബാസിലസ് ആന്ത്രാസിസ് മൂലമുണ്ടാകുന്ന അണുബാധയാണെന്ന് സ്ഥിരീകരിക്കുകയും ആയിരുന്നു.

ചത്ത പന്നികളുടെ ജഡം നീക്കം ചെയ്യാനും മറവുചെയ്യാനും പോയവരെ നിരീക്ഷണത്തിലാക്കി. ഇവർക്ക് ആവശ്യമായ പ്രതിരോധ ചികിത്സയും നൽകുന്നുണ്ട്. കാട്ടുപന്നികൾ ഉൾപ്പെടെയുള്ള മൃഗങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതായി കണ്ടെത്തിയാൽ, ആളുകൾ ആ സ്ഥലങ്ങളിലേക്ക് പോകാതിരിക്കാനും അവയുടെ ശവശരീരങ്ങൾ കൈകാര്യം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. അവർ മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ്, വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലയിൽ അവലോകന യോഗം ചേരുകയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്. മൃഗങ്ങളിൽ വാക്സിനേഷൻ ആരംഭിക്കുന്നതിനുള്ള നടപടികൾ മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.