ലോക്ക്ഡൗൺ, സ്കൂളുകൾ അടച്ചിടൽ ; കുട്ടികളുടെ മാനസികനിലയെ ബാധിച്ചതായി ആരോഗ്യസംഘടന
കൊവിഡ് കാലത്തെ ലോക്ക്ഡൗണും സ്കൂളുകൾ അടച്ചിടലും കുട്ടികളുടെ മാനസിക നിലയെ ബാധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഡബ്ല്യൂഎച്ച്ഒയുടെ പുതിയ റിപ്പോർട്ട് പ്രകാരം ലോക്ക്ഡൗൺ കാരണം സ്കൂളുകൾ അടച്ചുപൂട്ടിയത് കുട്ടികളിൽ മാനസിക സംഘർഷമുണ്ടാക്കിയിട്ടുണ്ട്.
വിഷാദരോഗം, അമിതമായ ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങൾ മുതിർന്നവരേക്കാൾ കുട്ടികളിലും ചെറുപ്പക്കാരിലും കാണപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. സ്കൂളുകൾ അടച്ചുപൂട്ടുന്നതും സാമൂഹിക ഇടപെടലുകൾ കുറഞ്ഞതുമാണ് ഇതിന് പിന്നിലെ കാരണമെന്ന് വിശ്വസിക്കപ്പെടുന്നു.
ഈ കാലയളവിൽ, മാനസികവും ശാരീരികവുമായ വികാസത്തിന് സഹായിക്കുന്ന ശീലങ്ങളിലും സാമൂഹിക ബന്ധങ്ങളിലും തടസ്സങ്ങൾ ഉണ്ടായി. ഈ തടസ്സവും ഒറ്റപ്പെടലും, ഉത്കണ്ഠ, അനിശ്ചിതത്വം, ഒറ്റപ്പെടൽ എന്നിവ ആളുകളിൽ നിറച്ചതായും അവരുടെ പെരുമാറ്റ രീതികളിൽ മാറ്റം വരുത്തിയതായും പറയപ്പെടുന്നു.