Friday, November 22, 2024
HEALTHLATEST NEWS

കോവിഡിന്റെ വരവ് മാനസിക പ്രശ്നങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കും

അമേരിക്ക : യുഎസിലെ ഒറിഗോൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി നടത്തിയ പഠനമനുസരിച്ച്, കോവിഡ് -19 അണുബാധയ്ക്ക് മാസങ്ങൾക്ക് ശേഷം രോഗികളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണ്ടെത്തി. ഗവേഷകർ പറയുന്നതനുസരിച്ച്, കോവിഡ് അണുബാധ ബാധിച്ചവരില്‍ രോഗബാധയ്ക്ക് നാല് മാസങ്ങള്‍ക്കു ശേഷം മാനസിക രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മറ്റ് ശ്വാസകോശ അണുബാധകളുണ്ടായവരെ അപേക്ഷിച്ച് 25 ശതമാനം അധികമാണ്.

പഠനത്തിനായി, നാഷണൽ കോവിഡ് കോഹര്‍ട്ട് സഹകരണത്തിൽ നിന്നുള്ള 46,610 കോവിഡ് -19 പോസിറ്റീവ് രോഗികളിൽ നിന്നുള്ള ഡാറ്റ വിലയിരുത്തി. കോവിഡ് -19 സ്ഥിരീകരിച്ച് 21 മുതൽ 120 ദിവസം വരെയും 120 മുതൽ 365 ദിവസം വരെയും രണ്ട് കാലയളവുകളിലായി രോഗികളുടെ മാനസികാരോഗ്യത്തിൽ മാറ്റങ്ങൾ ഗവേഷകർ നിരീക്ഷിച്ചു. കോവിഡ് -19 രോഗികളിൽ മാനസിക രോഗം വരാനുള്ള സാധ്യത 3.8 ശതമാനമാണെങ്കിലും മറ്റ് ശ്വാസകോശ അണുബാധകൾ ബാധിച്ചവരിൽ ഇത് 3 ശതമാനമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. രോഗികളിൽ ഉത്കണ്ഠാ പ്രശ്നങ്ങൾ, മാനസികാവസ്ഥയിലെ മാറ്റങ്ങൾ എന്നിവ വർദ്ധിക്കാനുളള സാധ്യതയും ഗവേഷകർ വിലയിരുത്തി. 

കോവിഡ്-19 ന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് പഠനം ശ്രദ്ധ ക്ഷണിക്കുന്നുവെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി ലോറൻ ചാൻ പറഞ്ഞു. കോവിഡ് -19 മൂലമുണ്ടാകുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ രോഗികളും ആരോഗ്യ പരിപാലന ദാതാക്കളും കൂടുതൽ മുൻകൈ എടുക്കണമെന്നും ഗവേഷണ റിപ്പോർട്ട് ആവശ്യപ്പെടുന്നു. കോവിഡ്-19 ബാധിച്ച എല്ലാവർക്കും മാനസികാരോഗ്യ പ്രശ്നം ഉണ്ടാകുമെന്ന് ഇതിനർത്ഥമില്ലെന്ന് ചാൻ ചൂണ്ടിക്കാട്ടി. രോഗികളും ആരോഗ്യ പ്രവർത്തകരും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.