Tuesday, December 17, 2024
LATEST NEWS

പ്ലാസ്റ്റിക്‌ സ്ട്രോ നിരോധനം; അപേക്ഷയുമായി വൻകിട കമ്പനികൾ

ന്യൂഡൽഹി : ഘട്ടം ഘട്ടമായി മാത്രം പ്ലാസ്റ്റിക് നിരോധിക്കണമെന്ന് ബിവറേജസ് നിർമ്മാതാക്കളും വ്യവസായ സംഘടനകളും കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്താനുള്ള സമയപരിധി അടുത്തിരിക്കെയാണ് അപേക്ഷ. 

ചെറിയ പാക്കറ്റ് ജ്യൂസുകൾക്കുള്ള പ്ലാസ്റ്റിക് സ്ട്രോകൾ ഘട്ടം ഘട്ടമായി നിർത്താൻ അനുവദിക്കണമെന്നാണ് അഭ്യർത്ഥന. ജൂലൈ 1 മുതൽ നിരോധനം ഏർപ്പെടുത്താനിരിക്കെയാണ് അപേക്ഷ. പേപ്പർ സ്ട്രോകൾ പോലുള്ള ബദൽ സംവിധാനങ്ങളുമായി ഇടപഴകാൻ സമയം നൽകണമെന്ന് കമ്പനികൾ പറയുന്നു. കൊക്കകോള ഇന്ത്യ, പെപ്സികോ ഇന്ത്യ, പാർലെ അഗ്രോ, ഡാബർ, ഡിയാജിയോ, റാഡിക്കോഖൈതാൻ എന്നിവയെ പ്രതിനിധീകരിക്കുന്ന ആക്ഷൻ അലയൻസ് ഫോർ റീസൈക്ലിംഗ് ബിവറേജസ് കാർട്ടൺസ് (എഎആർസി)ആണ് സർക്കാരിനോട് അഭ്യർത്ഥിച്ചത്. 

പ്ലാസ്റ്റിക്കിനു പകരം പേപ്പർ ഉപയോഗിക്കുന്നത് കമ്പനികൾക്ക് അധിക ചെലവ് വരുത്തുമെന്നും ഇത് 3,000 കോടി രൂപയുടെ നഷ്ടത്തിനു കാരണമാകുമെന്നും സംഘടന പറയുന്നു. ഒരു പ്ലാസ്റ്റിക് സ്‌ട്രോയ്‌ക്ക് 15 പൈസയും പേപ്പർ സ്‌ട്രോയ്‌ക്ക് 40 പൈസയുമാണ് വില. പേപ്പർ സ്ട്രോകൾ ഇറക്കുമതി ചെയ്യാൻ കമ്പനികൾ തയ്യാറാണെന്നും പേപ്പർ സ്ട്രോകൾ ഇറക്കുമതി ചെയ്യാൻ ഓർഡർ നൽകിയിട്ടുണ്ടെന്നും പാർലെ അഗ്രോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷൗന ചൗഹാൻ പറഞ്ഞു. ഫ്രൂട്ടിയും ആപ്പി ഫിസ്സും പാർലെയുടെ ഏറ്റവും ഡിമാന്റുളള ഉൽപ്പന്നങ്ങളാണ്.