Tuesday, September 30, 2025
LATEST NEWSSPORTS

യുഎഇ- ഓസ്‌ട്രേലിയ മത്സരം; യുഎഇയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് അവസാനം

ഏഷ്യൻ ലോകകപ്പ് പ്ലേ ഓഫിന്റെ ഫൈനലിൽ ഓസ്ട്രേലിയ യുഎഇയെ തോൽപ്പിച്ചു. അറബ് എമിറേറ്റ്സിനെ 2-1ന് തോൽപിച്ച ഓസ്ട്രേലിയയ്ക്ക് ഖത്തർ ലോകകപ്പിന് ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫിൽ ഓസ്ട്രേലിയ പെറുവിനെ നേരിടും. ഇരുടീമുകളും മത്സരത്തിൽ സമാസമം ആയിരുന്നെങ്കിലും പന്ത് കൈവശം വച്ചതിൽ യു.എ.ഇക്ക് നേരിയ മുൻ‌തൂക്കം ഉണ്ടായിരുന്നു. ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ 53-ാം മിനിറ്റിൽ ഓസ്ട്രേലിയ ലീഡ് നേടി.

മാർട്ടിൻ ബോയലിന്റെ പാസിൽ നിന്ന് ജാക്സൺ ഇർവിൻ ഓസ്ട്രേലിയക്ക് ലീഡ് നൽകി. എന്നാൽ വെറും നാല് മിനിറ്റിനുള്ളിൽ യു.എ.ഇ സമനില പിടിച്ചു. ഹരീബ് അബ്ദുള്ള സുഹൈലിന്റെ പാസിൽ നിന്നാണ് കൈയോ കനേഡോ അറബ് ടീമിനായി സമനില നേടിയത്. എന്നാൽ കളി അവസാനിക്കാൻ 6 മിനിറ്റ് ബാക്കി നിൽക്കെ ഓസ്ട്രേലിയ യു.എ.ഇയുടെ ഹൃദയം തകർത്തു. ബോക്സിന് പുറത്ത് നിന്ന് അജ്ദിൻ ഹൃസ്തിച്ചിന്റെ മികച്ച ഷോട്ട് യു.എ.ഇ പ്രതിരോധത്തിൽ തട്ടി ഗോളായി മാറിയതോടെ ലോകകപ്പ് എന്ന സ്വപ്നം ഓസ്ട്രേലിയ സജീവമാക്കി. ജൂണ് 14നാണ് പെറുവും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം.