Monday, January 6, 2025
LATEST NEWSTECHNOLOGY

5 ജി സേവനങ്ങൾ ആദ്യ ഘട്ടത്തിൽ ലഭ്യമാവുക 13 നഗരങ്ങളിൽ

ന്യൂഡല്‍ഹി: രാജ്യത്ത് എത്രയും വേഗം 5ജി സേവനം ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. എല്ലാവർക്കും താങ്ങാനാവുന്ന നിരക്കിൽ രാജ്യത്ത് 5 ജി സേവനങ്ങൾ നടപ്പാക്കുമെന്നാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ നഗരങ്ങളിൽ 5ജി ഇൻസ്റ്റലേഷനുകൾ ആരംഭിച്ചിട്ടുണ്ട്. ടെലികോം കമ്പനികൾ ഉടൻ തന്നെ മികച്ച സേവനങ്ങൾ നൽകുന്നതിന് രാജ്യത്തുടനീളം സൗകര്യങ്ങൾ ഒരുക്കുന്ന തിരക്കിലാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

പൊതുജനങ്ങൾക്ക് താങ്ങാനാവുന്ന നിരക്കിൽ 5 ജി പ്ലാനുകൾ ലഭ്യമാക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഘട്ടം ഘട്ടമായി 5ജി സേവനങ്ങൾ വിന്യസിക്കും. ആദ്യ ഘട്ടത്തിൽ 13 നഗരങ്ങളിൽ 5ജി സേവനം ഉറപ്പാക്കും. ചണ്ഡിഗഡ്, ചെന്നൈ, ഡൽഹി, ഗാന്ധിനഗർ, അഹമ്മദാബാദ്, ബെംഗളൂരു, ഗുരുഗ്രാം, ഹൈദരാബാദ്, ലക്നൗ, മുംബൈ, പൂനെ, ജാംനഗർ, കൊൽക്കത്ത എന്നിവയാണ് തുടക്കത്തിൽ 5ജി ലഭ്യമാകുന്ന നഗരങ്ങൾ. 3ജി, 4ജി എന്നിവ പോലെ ടെലികോം കമ്പനികൾ 5 ജി താരിഫ് പ്ലാനുകൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

5 ജി സേവനങ്ങൾ ലഭിക്കുന്നതിന് ഉപഭോക്താക്കൾ കൂടുതൽ പണം ചെലവഴിക്കാൻ തയ്യാറാകുമെന്ന സാധ്യതയും വ്യവസായ വിദഗ്ധർ മുന്നോട്ട് വയ്ക്കുന്നു. നിലവിൽ, എല്ലാ മുൻനിര ടെലികോം കമ്പനികളും 4 ജി നിരക്കിന്‍റെ കാര്യത്തിൽ മത്സരത്തിലാണ്. അതിനാൽ, 5 ജി സേവനങ്ങൾ ലഭ്യമാക്കേണ്ട വിലയെക്കുറിച്ച് ടെലികോം കമ്പനികൾക്കിടയിൽ ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. ജിയോ ഉൾപ്പെടെയുള്ള ടെലികോം കമ്പനികളും കുറഞ്ഞ വിലയ്ക്ക് 5 ജി ലഭിക്കുന്ന സ്മാർട്ട്ഫോണുകൾ ലഭ്യമാക്കാനും പദ്ധതിയിടുന്നുണ്ട്.