Friday, January 17, 2025
HEALTHLATEST NEWS

രാജ്യത്ത് ആദ്യ ഡോസ് കൊവിഡ് വാക്സിൻ എടുക്കാത്തത് 4 കോടി പേർ

ന്യൂഡല്‍ഹി: രാജ്യത്തെ അർഹരായ 4 കോടി ഗുണഭോക്താക്കൾ കൊവിഡ് വാക്സിന്‍റെ ആദ്യ ഡോസ് എടുത്തിട്ടില്ലെന്ന് കണക്ക്. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാറാണ് ഇക്കാര്യം ലോക്സഭയിൽ അറിയിച്ചത്. ഇതുവരെ നൽകിയ ഡോസുകളിൽ 97 ശതമാനവും സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ സൗജന്യമായി നൽകിയിട്ടുണ്ട്. മുതിർന്നവർക്ക് സൗജന്യ ബൂസ്റ്റർ ഷോട്ട് ഉറപ്പാക്കാൻ പ്രത്യേക ഡ്രൈവും നടത്തിയിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.

ഇതുവരെ 6.77 കോടി ബൂസ്റ്റർ ഡോസുകൾ രാജ്യത്തുടനീളം മുതിർന്നവർക്ക് നൽകി. ആരോഗ്യ പ്രവർത്തകർ, മുന്നണിപ്പോരാളികൾ, 60 വയസിന് മുകളിൽ പ്രായമുള്ള എല്ലാ ഗുണഭോക്താക്കൾക്കും സർക്കാർ കേന്ദ്രങ്ങൾ വഴിയും 18 നും 59 നും ഇടയിൽ പ്രായമുള്ളവർക്ക് സ്വകാര്യ കേന്ദ്രങ്ങൾ വഴിയും മുൻകരുതൽ ഡോസുകൾ സൗജന്യമായി ലഭ്യമാക്കി.

18 വയസും അതിന് മുകളിലും പ്രായമുള്ള എല്ലാവർക്കും മുൻകരുതൽ ഡോസുകൾ ഉറപ്പാക്കുന്നതിനായി ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്‍റെ ഭാഗമായി ജൂലൈ 15 മുതൽ 75 ദിവസത്തെ സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചു. വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിനാണ് ‘കോവിഡ് വാക്സിനേഷൻ അമൃത് മഹോത്സവം’ നടപ്പാക്കുന്നതെന്ന് ഭാരതി പ്രവീൺ പറഞ്ഞു. അതേസമയം, ഇന്ത്യൻ ജനസംഖ്യയുടെ 98% പേർക്കും ആദ്യ ഡോസ് ലഭിച്ചു.