Monday, January 20, 2025
LATEST NEWSPOSITIVE STORIES

28 വർഷത്തെ കാത്തിരിപ്പ്; കാണാതായ സഹോദരനെ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിൽ നാടും വീടും

തേഞ്ഞിപ്പലം: 28 വർഷങ്ങൾക്ക് മുൻപ് കാണാതായ അബൂബക്കറിനെ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ കുടുംബം. ചെന്നൈയിൽ നിന്നും 1994 ലാണ് അബൂബക്കറിനെ കാണാതാവുന്നത്.

നീണ്ട വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയ പെരുവള്ളൂർ കൂമണ്ണ വലിയപറമ്പ് ചാനത്ത് അബൂബക്കർ തന്റെ സഹോദരിമാരെ തിരിച്ചറിഞ്ഞെങ്കിലും സംസാരിക്കാൻ വിസമ്മതിച്ചു.അദ്ദേഹത്തിന്റെ മാനസിക നില വീണ്ടെടുക്കുന്നതിനായി തുടർചികിത്സ നൽകാനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കൾ.

ബന്ധുക്കൾ ചേർന്നാണ് വെള്ളിയാഴ്ച അർദ്ധരാത്രിയോടെ പടിക്കലിലുള്ള സഹോദരിയുടെ വീട്ടിലേക്ക് അബൂബക്കറിനെ എത്തിച്ചത്. വാക്കുകൾ കൊണ്ട് അദ്ദേഹത്തിന് പ്രകടിപ്പിക്കാനായില്ലെങ്കിലും സഹോദരിമാരടക്കമുള്ള ബന്ധുക്കളെ ഭാവത്തിലൂടെ തിരിച്ചറിയാനായത് വലിയ അനുഗ്രഹമാണ്. അബൂബക്കർ സഹോദരിമാരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു.

ഇനിയൊരിക്കലും കാണാൻ കഴിയില്ലെന്ന് കരുതിയിരുന്ന സഹോദരനെ തിരിച്ചു കിട്ടിയതിൽ അവർ സന്തുഷ്ടരാണ്. അബൂബക്കറിനെ കാണാനും, പരിചയം പുതുക്കാനുമായി നാട്ടുകാരും, സുഹൃത്തുക്കളും വീട്ടിലെത്തുന്നുണ്ട്.