നെഞ്ചിന് താഴെ തളര്‍ന്നിട്ട് 13 വര്‍ഷം; രാഗേഷ് സ്വയം കാറോടിച്ച് കശ്മീരിലേക്ക്
പൊയിനാച്ചി: എല്ലാം കൈവിട്ടുപോകുമെന്ന ഘട്ടത്തിൽ പ്രതീക്ഷകളിലൂടെ തളിര്‍ത്തതാണ് രാഗേഷിന്‍റെ ജീവിതം. സുഷുമ്നാ നാഡിക്ക് സംഭവിച്ച ക്ഷതം നെഞ്ചിന് താഴെ തളർത്തിയപ്പോൾ കിടപ്പിലാകുമെന്ന് കരുതിയ നിമിഷങ്ങൾ . ഇച്ഛാശക്തിയും ലക്ഷ്യവും ഒടുവിൽ ജീവിതത്തെ പുനരുജ്ജീവിപ്പിച്ചപ്പോൾ, ഒരു ആഗ്രഹം മനസ്സിൽ സൂക്ഷിച്ചു. കാറിൽ സ്വന്തമായി വളയം പിടിച്ച് കശ്മീരിലെ ലഡാക്ക് വരെ പോകണം. പണമൊന്നും കൈയിലില്ലെങ്കിലും ആ തീരുമാനവുമായി മുന്നോട്ട് പോകുകയാണ് മയിലാട്ടി കൂട്ടപ്പുന്ന തിരുവാതിരയിലെ കെ.രാഗേഷ് എന്ന 37 കാരനിപ്പോള്‍. ഒരുമാസത്തെ യാത്രയ്ക്ക് ഒക്ടോബര്‍ 10-ന് പൊയിനാച്ചിയില്‍ തുടക്കം കുറിക്കും.
ഷാർജയിൽ സലൂൺ തൊഴിലാളിയായി ജോലി ചെയ്യുന്നതിനിടെ 24-ാം വയസ്സിലാണ് രാഗേഷിന്‍റെ ജീവിതം മുച്ചക്രവാഹനത്തിലാക്കി മാറ്റിയ സംഭവം നടന്നത്. രാവിലെ കടയിൽ പോകാൻ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ കഴിഞ്ഞില്ല. ശരീരം തളർന്നതുപോലെ തോന്നി. യു.എ.ഇ.യിലെ ആശുപത്രി ചെലവോർത്ത് അന്നു രാത്രി തന്നെ നാട്ടിലേക്ക് മടങ്ങി. 10-ാം ദിവസമാണ് സ്പൈനൽ ക്യാൻസർ ആണെന്ന് അറിഞ്ഞത്.
സുഷുമ്നാ നാഡിക്ക് ക്ഷതമേറ്റതിനാൽ നെഞ്ചിന് താഴെ തളർന്ന സ്ഥിതിയിലായി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വർഷങ്ങളോളം ശ്രീചിത്ര ക്യാൻസർ സെന്‍ററിൽ ചികിത്സയിലായിരുന്നു. വീട്ടിൽ തിരിച്ചെത്തിയപ്പോൾ, ജീവിതം നാല് ചുവരുകൾക്കുള്ളിൽ തളച്ചിടാനുള്ളതല്ല എന്ന് രാഗേഷ് തീരുമാനിച്ചു. അച്ഛന്‍ കെ.കോരനും അമ്മ കെ.വി.രോഹിണിയും തണലായി രാഗേഷിന്റെ സ്വപ്നങ്ങള്‍ക്ക് നിറമേകി.