Sunday, December 22, 2024
HEALTHLATEST NEWSTECHNOLOGY

യുവാക്കള്‍ക്ക് പരമാവധി കഴിക്കാവുന്നത് 2 സ്പൂണ്‍ മദ്യം; ലാന്‍സെറ്റ് പഠനം

ബ്രിട്ടീഷ് : പ്രായമായവരെ അപേക്ഷിച്ച് മദ്യപാനം കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളും ഭീഷണിയും സൃഷ്ടിക്കുന്നത് യുവാക്കള്‍ക്കെന്ന് പുതിയ പഠനം കണ്ടെത്തി. ഗവേഷകരുടെ അഭിപ്രായത്തിൽ, 40 വയസ്സിന് താഴെയുള്ളവർക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്ന മദ്യത്തിന്‍റെ അളവ് വെറും രണ്ട് ടേബിൾ സ്പൂൺ മാത്രമാണ്. ബ്രിട്ടീഷ് മെഡിക്കൽ ജേണലായ ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനം ഈ കണ്ടെത്തലുകൾ സ്ഥിരീകരിക്കുന്നു.

യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടൺ സ്കൂൾ ഓഫ് മെഡിസിൻ നടത്തിയ വിശദമായ പഠനത്തിന്‍റെ ഫലങ്ങളാണ് ലാൻസെറ്റ് പഠനം ഉദ്ധരിച്ചത്. നിരവധി കാർഡിയോവാസ്കുലാർ, നോൺ കാർഡിയോവാസ്കുലാർ രോഗങ്ങൾ വിലയിരുത്തിയാണ് പഠനം നടത്തിയത്. മദ്യപാനം ഉയർത്തുന്ന ഭീഷണികൾ മനസിലാക്കാൻ കാൻസർ ഉൾപ്പെടെ 22 രോഗങ്ങളെക്കുറിച്ചാണ് പഠനം നടത്തിയത്.

40 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആളുകൾക്ക് പരിമിതമായ അളവിൽ മദ്യപാനത്തിൽ നിന്ന് അൽപം പ്രയോജനം ലഭിക്കുമെങ്കിലും, യുവാക്കൾക്ക് മദ്യപാനത്തിൽ നിന്ന് ഒട്ടും പ്രയോജനം ലഭിക്കുന്നില്ലെന്ന് പഠനം കണ്ടെത്തി. 15 നും 39 നും ഇടയിൽ പ്രായമുള്ള പുരുഷൻമാരാണ് സുരക്ഷിതരായിരിക്കാതെ മദ്യപിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളതെന്ന് പഠനം കണ്ടെത്തി. 2020 ൽ സുരക്ഷിതമല്ലാത്ത അളവിൽ മദ്യം കഴിക്കുന്നവരിൽ 76.7 ശതമാനവും പുരുഷൻമാരാണെന്ന് ലാൻസെറ്റ് പഠനം റിപ്പോർട്ട് ചെയ്യുന്നു.