എല്ലാ സെസ് ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം പരിഗണനയില്‍: പീയുഷ് ഗോയല്‍
ന്യൂഡല്‍ഹി: സ്പെഷ്യൽ ഇക്കണോമിക് സോണിലെ എല്ലാ ജീവനക്കാർക്കും വർക്ക് ഫ്രം ഹോം അനുവദിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് വാണിജ്യ മന്ത്രി പീയുഷ് ഗോയൽ. സെസ് മേഖലയിലെ കമ്പനികളിലെ 50 ശതമാനം ജീവനക്കാർക്ക് ഒരു വർഷത്തേക്ക് വർക്ക് ഫ്രം ഹോം നൽകാൻ ജൂലൈയിൽ സർക്കാർ അനുമതി നൽകിയിരുന്നു.
ജീവനക്കാരുടെ കുറവ് പരിഹരിക്കുകയും സേവനങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ നീക്കത്തിന്‍റെ ലക്ഷ്യം. രാജ്യത്തുടനീളമുള്ള 350 സ്പെഷ്യൽ ഇക്കണോമിക് സോണുകളിൽ (എസ്ഇസഡ്) ഏകദേശം 20 ലക്ഷത്തോളം ആളുകൾ ജോലി ചെയ്യുന്നുണ്ട്. മൊത്തം കയറ്റുമതിയുടെ 25 ശതമാനമാണ് സെസ്.
ഈ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും ഐ.ടി.യോ ഐ.ടി. അനുബന്ധ സേവനങ്ങളോ ലഭ്യമാക്കുന്നവയാണ്. കൊവിഡ് കാലത്ത് സെസ് മേഖലകളിൽ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയതിന്‍റെ ഫലമായി കയറ്റുമതി ഗണ്യമായി വർദ്ധിച്ചതായി മന്ത്രി പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിൽ എല്ലാ ജീവനക്കാർക്കും വർക്ക് ഫ്രം ഹോം നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ട്. സെസിന് പകരമായി ഡവലപ്മെന്‍റ് ഓഫ് എന്‍റർപ്രൈസ് ആൻഡ് സർവീസ് ഹബ്ബ്(ദേശ്) നിയമം കൊണ്ടുവരാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. സെസിന്‍റെ ഊന്നൽ കയറ്റുമതിയിലാണെങ്കിൽ, ദേശ് ആഭ്യന്തര നിക്ഷേപം രാജ്യത്തുടനീളം ലക്ഷ്യമിടുന്നു. ദേശീയ ലോജിസ്റ്റിക്സ് നയം പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച അവതരിപ്പിക്കുമെന്ന് ഗോയൽ പറഞ്ഞു. ചരക്കുനീക്കം സുഗമമാക്കുക എന്നതാണ് നയത്തിന്‍റെ ലക്ഷ്യം.