Saturday, December 28, 2024
GULFLATEST NEWS

സൗദിയിൽ ഇനി സ്ത്രീകളും അതിവേഗ ട്രെയിനുകളോടിക്കും

ജിദ്ദ: സൗദി അറേബ്യയിൽ സ്ത്രീകൾ ഇനി അതിവേഗ ട്രെയിനുകൾ ഓടിക്കും. ലോക്കോ പൈലറ്റ് പരിശീലനത്തിന്‍റെ ആദ്യ ഘട്ടം 31 തദ്ദേശീയ വനിതകൾ പൂർത്തിയാക്കി. ഈ വർഷം ജനുവരിയിലാണ് പരിശീലനം ആരംഭിച്ചത്. ഇപ്പോൾ അഞ്ച് മാസം നീണ്ടുനിൽക്കുന്ന പരിശീലനത്തിന്‍റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഡിസംബറിൽ മുഴുവൻ പരീക്ഷകളും പരിശീലനവും പൂർത്തിയാക്കി സൗദി നഗരങ്ങൾക്കിടയിൽ ട്രെയിനുകൾ ഓടിക്കാൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ട്രാഫിക് നിയന്ത്രണങ്ങൾ, സുരക്ഷ, ജോലി അപകടങ്ങൾ, തീപിടിത്തം, ട്രെയിൻ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങൾ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളിൽ വനിതകൾ പരിശീലനം പൂർത്തിയാക്കുകയും വിജയിക്കുകയും ചെയ്തു.

സൗദി അറേബ്യയിൽ റെയിൽവേ ഗതാഗതം വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ട്രെയിനുകൾ ഓടിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുന്ന പരിശീലന പരിപാടി ആരംഭിച്ചത്. തദ്ദേശീയരായ സ്ത്രീകൾക്ക്, റെയിൽവേ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം. പരിശീലനം തുടരുന്നതോടെ വരും വർഷങ്ങളിൽ വനിതാ ട്രെയിൻ ഡ്രൈവർമാരുടെ എണ്ണം ഇനിയും വർദ്ധിക്കും. രാജ്യത്തിനകത്ത് പൊതുവിലും ഹജ്ജ്, ഉംറ സീസണുകളിൽ പ്രത്യേകിച്ച് ട്രെയിൻ യാത്രക്കാരുടെ എണ്ണം വരും വർഷങ്ങളിൽ ഗണ്യമായി വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.