Saturday, December 21, 2024
LATEST NEWSPOSITIVE STORIES

ദുബായ് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിനെ നയിക്കാൻ ഇനി വനിതകളും

ദുബായ്: ദുബായ് പൊലീസിന് അഭിമാനമായി നാല് യുവതികൾ. ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഓപ്പറേഷൻസിലേക്ക് ആറു മാസത്തെ സംയോജിത പരിശീലന പരിപാടിക്ക് ശേഷം വനിതാ ലഫ്റ്റനന്‍റുമാരായ മീര മുഹമ്മദ് മദനി, സമർ അബ്ദുൽ അസീസ് ജഷൗ, ഖോലൂദ് അഹമ്മദ് അൽ അബ്ദുല്ല, ബഖിത ഖലീഫ അൽ ഗഫ്ലി എന്നിവരെ തിരഞ്ഞെടുത്തു. ഇതോടെ കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിൽ ചേരുന്ന വനിതാ ഓഫീസർമാരുടെ ആദ്യ ബാച്ചായി ഇവർ മാറി.

24 പ്രത്യേക കോഴ്സുകളും പ്രായോഗിക പരിശീലനവും പൂർത്തിയാക്കിയ ശേഷമാണ് ഇവർ ഈ വിഭാഗത്തിൽ ചേർന്നത്. എമർജൻസി റെസ്പോൺസ് ഡിവിഷൻ, ഗൈഡൻസ് ആൻഡ് കൺട്രോൾ ഡിവിഷൻ, ഡ്യൂട്ടി ഓഫീസറുടെ ഓഫീസ് എന്നിവയുൾപ്പെടെ നിരവധി ഡിവിഷനുകളുടെ ചുമതല ഇനി ഇവർക്കാണ്. 

പുരുഷ ഉദ്യോഗസ്ഥർ മാത്രം നിർവഹിച്ചിരുന്ന ചുമതലകളും ദൗത്യങ്ങളും നിർവഹിക്കുന്നതിൽ വനിതാ ജീവനക്കാർ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഓപ്പറേഷൻസ് ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് നാസർ അൽ റസൂഖി പറഞ്ഞു. വിവിധ പൊലീസ് മേഖലകളിൽ സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവരുടെ പങ്ക് വർദ്ധിപ്പിക്കുന്നതിനുമുള്ള ദുബായിയുടെ താൽപര്യവും മേജർ ജനറൽ അൽ റസൂഖി വ്യക്തമാക്കി.