Friday, November 15, 2024
LATEST NEWSPOSITIVE STORIES

കൂട്ടായ്മയുടെ വിജയവുമായി 25 വര്‍ഷങ്ങള്‍ പിന്നിട്ട് ‘ഊട്ടുപുര’

പന്തീരാങ്കാവ്: കാൽനൂറ്റാണ്ടിനിപ്പുറം, രുചികരമായ നാടൻ ഭക്ഷണവും സേവനവുമായി ഒരു കൂട്ടം സ്ത്രീകൾ സംഘടിപ്പിച്ച ‘ഊട്ടുപുര’യ്ക്ക് വിജയഗാഥകൾ മാത്രമേ പറയാനുള്ളൂ. 1996 ൽ ആരംഭിച്ച ഊട്ടുപുര എന്ന വനിതാ സംരംഭം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിസരത്ത് തലയുയർത്തി ഇപ്പോഴും നിൽക്കുന്നുണ്ട്. ഗ്രാമീണ വനിതാ ശിശുവികസന പദ്ധതിയുടെ സ്വയംതൊഴിൽ സംരംഭത്തിന്റെ ഭാഗമായി എട്ട് വനിതകൾ ചേർന്ന് ഊട്ടുപുരയ്ക്ക് തുടക്കം കുറിച്ചു.

ഇതിന്റെ ഭാഗമായി കാനറാ ബാങ്ക് കൺസോർഷ്യത്തിൻ 84,000 രൂപ വായ്പ നൽകിയിട്ടുണ്ടായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പിൽ നിർമിച്ച താൽക്കാലിക ഷെഡിലാണ് ഇത് ആദ്യം ആരംഭിച്ചത്.

50 ശതമാനം സബ്സിഡി വായ്പാ തുക കാലാവധി അവസാനിക്കുന്നതിനു ഒന്നര വർഷം മുമ്പാണ് അടച്ചത്. കാലാവധി തീരുന്നതിനു മുമ്പ് വായ്പ തിരിച്ചടച്ചപ്പോൾ വീണ്ടും ഒരു ലക്ഷം രൂപ വായ്പ ലഭിച്ചു. ആവശ്യമായ പാത്രങ്ങളും ഫർണിച്ചറുകളും ക്രമീകരിച്ചു. കാലാവധി പൂർത്തിയാകുന്നതിനു ഒരു വർഷം മുമ്പ് രണ്ടാമത്തെ വായ്പാ തുക അടച്ച ഗ്രൂപ്പ്, കടബാധ്യതകളൊന്നുമില്ലാതെ വിജയത്തിലേക്കുള്ള പാതയിലാണ്.