Sunday, December 22, 2024
LATEST NEWSSPORTS

വിമ്പിൾഡൻ; ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ സെറീന ആദ്യ റൗണ്ടിൽ പുറത്ത്

ലണ്ടൻ: ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം കോർട്ടിലേക്ക് മടങ്ങിയെത്തിയ സെറീന വില്യംസ് വിംബിൾഡണിന്റെ ആദ്യ റൗണ്ടിൽ പുറത്തായി. വൈൽഡ് കാർഡിലൂടെ മത്സരിച്ച 40കാരി സെറീന ഫ്രഞ്ച് താരം ഹാർമണി ടാനിനോടാണ് 5-7, 6-1, 6-7 എന്ന സ്കോറിന് തോറ്റത്. ആദ്യ സെറ്റ് നഷ്ടപ്പെട്ടതിന് ശേഷം, സെറീന രണ്ടാം സെറ്റിൽ ടാനിനെ നിഷ്പ്രഭയാക്കിയെങ്കിലും, ടൈബ്രേക്കറിലൂടെ നിർണായകമായ മൂന്നാം സെറ്റ് നേടിയ ഫ്രഞ്ച് താരം ഏഴ് തവണ വിംബിൾഡൺ ചാമ്പ്യനായ താരത്തെ നിരാശയോടെ തിരിച്ചയച്ചു.

പുരുഷൻമാരുടെ ടോപ് സീഡ് നൊവാക് ജോക്കോവിച്ച് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഓസ്ട്രേലിയയുടെ തനാസി കോകിനാകിസിനെ 6-1, 6-4, 6-2 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. ഫ്രഞ്ച് ഓപ്പൺ റണ്ണറപ്പായ കാസ്പർ റൂഡ് രണ്ടാം റൗണ്ടിൽ പുറത്തായി. ഫ്രാൻസിന്റെ യൂഗോ ഹാംബർട്ടിനോട് 3-6, 6-2, 7-5, 6-4 എന്ന സ്കോറിനാണ് അദ്ദേഹം പരാജയപ്പെട്ടത്. വനിതാ വിഭാഗത്തിൽ യുഎസ് ഓപ്പൺ ചാമ്പ്യൻ എമ്മ റഡുക്കാനു, രണ്ടാം സീഡ് അനെറ്റ് കോണ്ടാവെ, മുൻ ചാമ്പ്യൻ ഗാർബൈൻ മുഗുരുസ എന്നിവരാണ് പുറത്തായത്.