Friday, January 17, 2025
LATEST NEWSTECHNOLOGY

‘ഓൺലൈൻ ഗെയിം നിയന്ത്രിക്കാൻ നിയമഭേദഗതി പരിഗണിക്കും’

തിരുവനന്തപുരം: ഓണ്‍ലൈന്‍ ഗെയിമുകൾ നിയന്ത്രിക്കാൻ നിയമത്തിൽ ശക്തമായ ഭേദഗതി വരുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലാരംഗത്തുള്ളവർ ഇത്തരം കമ്പനികളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്കെതിരായ ഓൺലൈൻ അതിക്രമങ്ങൾ വർദ്ധിച്ചുവരികയാണെന്നും, ഇത് തടയാൻ സോഷ്യൽ പൊലീസിംഗ് നടപടികൾ ഉടൻ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

ഓണ്‍ലൈന്‍ റമ്മിക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് എ.പി അനിൽകുമാർ എം.എൽ.എയാണ് സബ്മിഷൻ സമർപ്പിച്ചത്. പൊലീസിനെയും ആരോഗ്യവിദഗ്ധരെയും ഉപയോഗിച്ച് ഓൺലൈൻ അക്രമങ്ങൾക്കെതിരെ ബോധവൽക്കരണം നടത്തും. ഓണ്‍ലൈന്‍ ഗെയിം നിരോധിക്കാനുള്ള സർക്കാർ നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റേ മാറ്റാൻ നടപടി സ്വീകരിക്കും. ലക്ഷങ്ങളുടെ നഷ്ടം മൂലം പലരും ആത്മഹത്യയിലേക്ക് നീങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.