Monday, January 6, 2025
LATEST NEWSPOSITIVE STORIES

വിളിച്ചാൽ വിളിപ്പുറത്ത്; ആശാ വർക്കർമാരും തത്തയുമായുള്ള അപൂർവ്വ സൗഹൃദം

മലപ്പുറം: നിലമ്പൂർ ചക്കാലക്കുത്ത് പോയാൽ 2 ആശാ വർക്കർമാരും ഒരു തത്തയും തമ്മിലുള്ള അപൂർവ സൗഹൃദം കാണാം. ആശാ വർക്കർമാർ മോനെ സിംബൂ എന്ന് വിളിച്ചാൽ, തത്ത മരത്തിന്‍റെ ശാഖയിൽ നിന്ന് പറന്നെത്തും. മുത്തം താടാ എന്ന് പറഞ്ഞാൽ , കുണുങ്ങി നടന്ന് അടുത്ത് വന്ന് നെറ്റിയിൽ ചുണ്ടുകൾ കൊണ്ട് ചുംബിക്കും.

നിലമ്പൂർ ചക്കാലക്കുത്തെ ആശാ വർക്കർമാരായ സി.കെ.അജിത, പി.ഷീബ എന്നിവരാണ് കഥയിലെ നായികമാർ. പിന്നെ എവിടെ നിന്നോ പറന്നു വന്ന തത്ത നായകനും.

അജിതയും ഷീബയും അയൽവാസികളാണ്. രണ്ട് വർഷം മുമ്പ് അജിതയുടെ വീട്ടുപരിസരത്ത് വിശന്ന് കരഞ്ഞ് തത്ത എത്തിയതാണ് ഇവരുടെ ബന്ധത്തിന്റെ തുടക്കം. പാവം തോന്നി അജിത ഭക്ഷണം കൊടുത്തു. ആദ്യം ഭയമായിരുന്നെങ്കിലും, പിന്നീട് ഒരു മടിയും കൂടാതെ വന്ന് അത് കഴിച്ചു. വയറു നിറഞ്ഞപ്പോൾ പറന്നുപോയി. പിറ്റേ ദിവസം, അതേ സമയം, അവൻ മടങ്ങിവന്നു. തീറ്റതിന്ന് പറന്നു പോയി. അങ്ങനെയാണ് അത് പതിവായത്.