Saturday, January 24, 2026
LATEST NEWSSPORTS

വിശ്വനാഥൻ ആനന്ദ് ഫിഡെ ഡെപ്യൂട്ടി പ്രസിഡന്റ് ; അർകാ ഡി ഡോർകോവിച്ച് വീണ്ടും പ്രസിഡന്റ്

മഹാബലിപുരം: അർകാ ഡി ഡോർകോവിച്ച് വീണ്ടും ലോക ചെസ്സ് ഓർഗനൈസേഷന്‍റെ (ഫിഡെ) പ്രസിഡന്‍റായി തെരഞ്ഞടുക്കപ്പെട്ടു. ഇന്ത്യൻ ചെസ്സ് ഇതിഹാസം വിശ്വനാഥൻ ആനന്ദാണ് ഫിഡെയുടെ ഡെപ്യൂട്ടി പ്രസിഡന്‍റ്. ചെന്നൈയിൽ ഫിഡെ ജനറൽ അസംബ്ലിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

അഞ്ച് തവണ ലോകചാമ്പ്യനും ഇന്ത്യയിലെ ചെസ്സ് വിപ്ലവത്തിന്‍റെ ശിൽപിയുമായ ആനന്ദിന്‍റെ ചെസ്സ് കരിയറിലെ നിർണായക മാറ്റമാണ് പുതിയ പദവി. ലോക ചെസ്സ് കിരീടം മാഗ്നസ് കാൾസന് അടിയറവ് വച്ച ശേഷവും ഗെയിമിൽ സജീവമായിരുന്ന ആനന്ദ് അടുത്തിടെയാണ് ചെസ്സ് സംഘാടനത്തിൽ താൽപ്പര്യം കാണിക്കാൻ തുടങ്ങിയത്. ഇതാദ്യമായാണ് ഇത്രയും വലിയ കളിക്കാരൻ ചെസ്സ് ഓർഗനൈസേഷനിൽ നിർണ്ണായകമായ ഒരു സ്ഥാനത്ത് എത്തുന്നത്.

നിലവിലെ ഫിഡെ പ്രസിഡന്‍റ് അർകാ ഡി ഡോർകോവിച്ചിന്‍റെ പാനലിലാണ് ആനന്ദും മത്സരിച്ചത്. ഡോർകോവിച്ചിന്‍റെ പാനൽ 157 വോട്ടുകൾ നേടി. എതിരാളി യുക്രെയ്ൻകാരനായ ആൻഡ്രി ബാരിഷ്‌പൊലെറ്റ്സിന്റെ ടീമിനു നേടാനായത് 16 വോട്ട് മാത്രമാണ്.