Saturday, February 22, 2025
GULFLATEST NEWS

വിസ്താരയുടെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് പ്രതിദിന സര്‍വീസുകൾ ആരംഭിച്ചു

അബുദാബി: വിസ്താര എയർലൈൻസ് മുംബൈ-അബുദാബി പ്രതിദിന സർവീസുകൾ ആരംഭിച്ചു. മുംബൈയിൽ നിന്ന് രാത്രി 7.10ന് പുറപ്പെട്ട വിമാനം യുഎഇ സമയം രാത്രി 8.40ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. അബുദാബിയിൽ നിന്നുള്ള മടക്കയാത്ര രാത്രി 9.40ന് ആരംഭിച്ച് പുലർച്ചെ 2.45ന് മുംബൈയിലെത്തും. യാത്രക്കാർക്ക് ബിസിനസ്, പ്രീമിയം, ഇക്കോണമി ക്ലാസ് സേവനങ്ങൾ ലഭിക്കും.

കഴിഞ്ഞയാഴ്ച ഇൻഡിഗോ എയർലൈൻസിന്‍റെ മുംബൈയിൽ നിന്ന് റാസ് അൽ ഖൈമയിലേക്കുള്ള ആദ്യ സർവീസും ആരംഭിച്ചിരുന്നു. നിലവിൽ 625 ദിർഹം മുതലാണ് പ്രതിദിന നിരക്കുകൾ. റാസ് അൽ ഖൈമ കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖർ അൽ ഖാസിമി, റാക് ഇന്‍റർനാഷണൽ എയർപോർട്ട് മേധാവി ഹിസ് ഹൈനസ് ഷെയ്ഖ് സലേം ബിൻ സുൽത്താൻ അൽ ഖാസിമി എന്നിവർ ആദ്യ വിമാനം സ്വീകരിക്കാൻ എത്തി.

180 യാത്രക്കാരാണ് ആദ്യ വിമാനത്തിൽ ഉണ്ടായിരുന്നത്. യു.എ.ഇ.യിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ഇൻഡിഗോ എയർലൈൻസ് സി.ഇ.ഒ പീറ്റർ എൽ.ബറേസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇൻഡിഗോയുടെ 100-ാമത്തെ ഡെസ്റ്റിനേഷനാണ് പുതിയതായി ആരംഭിച്ചത്. യു.എ.ഇ.യിലെ നാല് എമിറേറ്റുകളിലാണ് ഇൻഡിഗോ സർവീസുകൾ നടത്തുന്നത്.