Tuesday, January 7, 2025
LATEST NEWS

ലോകത്തെ മികച്ച എയര്‍ലൈനുകളുടെ പട്ടികയിൽ ഇന്ത്യയില്‍ നിന്ന് വിസ്താര

ടാറ്റ സൺസിന്‍റെ ഉടമസ്ഥതയിലുള്ള വിസ്താര ലോകത്തിലെ മികച്ച വിമാനക്കമ്പനികളുടെ പട്ടികയിൽ ഇടം നേടി. സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ്‌സ് 2022 പട്ടികയിൽ 20-ാം സ്ഥാനത്താണ് വിസ്താര. ആദ്യ 100 ൽ ഇടം നേടിയ ഏക ഇന്ത്യൻ എയർലൈൻ കൂടിയാണ് വിസ്താര. ഖത്തർ എയർവേയ്സാണ് പട്ടികയിൽ ഒന്നാമത്.

സിംഗപ്പൂർ എയർലൈൻസ് ലിമിറ്റഡും എമിറേറ്റ്സും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ജപ്പാനിലെ ഓൾ നിപ്പോൺ എയർവേയ്സ് കമ്പനി, ഓസ്ട്രേലിയയുടെ ക്വാണ്ടാസ് എയർവേയ്സ് എന്നിവയും ആദ്യ അഞ്ചിൽ ഇടം നേടി. സിംഗപ്പൂർ എയർലൈൻസ് മികച്ച ഫസ്റ്റ് ക്ലാസ് വിഭാഗത്തിൽ പട്ടികയിൽ ഒന്നാമതെത്തി. ബിസിനസ് ക്ലാസ് വിഭാഗത്തിൽ ഖത്തർ എയർവേയ്സാണ് ഒന്നാം സ്ഥാനത്ത്.

പ്രീമിയം ഇക്കോണമി വിഭാഗത്തിൽ വിർജിൻ അറ്റ്ലാന്‍റിക് എയർവേയ്സും ഇക്കോണമി വിഭാഗത്തിൽ എമിറേറ്റ്സും ഒന്നാമതെത്തി. ഇംഗ്ലീഷ്, ഫ്രഞ്ച്. സ്പാനിഷ്, റഷ്യൻ, ജാപ്പനീസ്, ചൈനീസ് ഭാഷകളിൽ നടത്തിയ ഓൺലൈൻ ഉപഭോക്തൃ സർവേയിലൂടെയാണ് സ്കൈട്രാക്സ് മികച്ച വിമാനക്കമ്പനികളെ തിരഞ്ഞെടുത്തത്.