ഏഷ്യാ കപ്പിലൂടെ വിരാട് കോഹ്ലി തിരിച്ചുവരും; സൗരവ് ഗാംഗുലി
കൊല്‍ക്കത്ത: ഈ മാസം അവസാനം ആരംഭിക്കുന്ന ഏഷ്യാ കപ്പോടെ ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോഹ്ലി ഫോം വീണ്ടെടുക്കുമെന്ന്, ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി.
“കോഹ്ലി നന്നായി പരിശീലിക്കട്ടെ. ഇന്ത്യയിലെ ഏറ്റവും നല്ല താരങ്ങളിലൊരാളാണ് കോലി. അദ്ദേഹം ഫോമിലേക്ക് തിരിച്ചുവരുമെന്നാണ് എന്‍റെ പ്രതീക്ഷ. സെഞ്ച്വറി നേടുന്നതിനേക്കാൾ ഉപരിയായി ഏഷ്യാ കപ്പിലൂടെ ഫോം വീണ്ടെടുക്കാനാണ് അദ്ദേഹം ശ്രമിക്കുക” -ഗാംഗുലി പറഞ്ഞു.
ഓഗസ്റ്റ് 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ ബദ്ധവൈരികളായ പാകിസ്താനെയാണ് ഇന്ത്യ നേരിടുക. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലാണ് കോഹ്ലി അവസാനമായി കളിച്ചത്. തുടർന്ന് നടന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ കോലിക്ക് വിശ്രമം അനുവദിച്ചിരുന്നു.