Monday, January 20, 2025
LATEST NEWSPOSITIVE STORIES

കുടുംബം പോറ്റാൻ വാൻ ക്ലീനറായി; സാന്ദ്രയ്ക്ക് കൈത്താങ്ങായി ആദിശങ്കര ട്രസ്റ്റ്

കൊച്ചി: അച്ഛൻ രോഗിയായപ്പോൾ അദ്ദേഹത്തിൻ്റെ വാനിൽ ക്ലീനർ ജോലി ഏറ്റെടുത്ത സാന്ദ്ര സലിമിന് ഇനി പഠനം മുടങ്ങില്ല. പ്ലസ് ടുവും സിവിൽ ഡിപ്ലോമയും പൂർത്തിയാക്കി ബിടെക്കിന് ശ്രമിക്കുന്ന മലയാറ്റൂർ തോട്ടുവ സ്വദേശി സാന്ദ്രയ്ക്കാണ് കാലടി ആദിശങ്കര ട്രസ്റ്റ് വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്തത്. ട്രസ്റ്റിന് കീഴിലുള്ള ആദിശങ്കര എഞ്ചിനീയറിംഗ് കോളേജിൽ ബി ടെക് സൗജന്യമായി പഠിക്കാം. അതും ഇഷ്ടമുള്ള വിഷയത്തിൽ.

എൻട്രൻസ് പരീക്ഷ പാസായാലും അച്ഛന് സുഖമില്ലാത്തതിനാൽ പഠനം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കകൾക്കിടയിലാണ് സാന്ദ്രയുടെ വിദ്യാഭ്യാസ ചെലവുകൾ ആദിശങ്കര ട്രസ്റ്റ് ഏറ്റെടുത്തത്. കാലടി ബ്രഹ്മാനന്ദോദയം സ്കൂളിലേക്ക് വിദ്യാർത്ഥികളെ എത്തിക്കുന്ന വാനിൽ ക്ലീനറായി ജോലി ചെയ്യുകയാണ് സാന്ദ്ര. ഗുരുതര വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് പിതാവ് സലിം എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇതിനിടയിൽ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ വരുമാന സ്രോതസ്സ് ശ്രീമുരുക എന്ന വാനായിരുന്നു.

അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം, വരുമാനം മുടങ്ങാതിരിക്കാൻ സാന്ദ്ര ഒരു ഡ്രൈവറെ വാഹനത്തിനായി നിയമിച്ചു. സഹായിയായി വാനിൽ പോകാനും തീരുമാനിച്ചു. സാന്ദ്ര ഇതേ സ്കൂളിലെ പൂർവവിദ്യാർഥിയാണ്. പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. പ്ലസ് ടു കഴിഞ്ഞ് ചേലോട് പോളിടെക്കിൽ നിന്ന് സിവിൽ ഡിപ്ലോമ പാസായിരുന്നു. ലാറ്ററൽ എൻട്രിയിലൂടെ ബിടെക് പ്രവേശനം സ്വപ്നം കാണുമ്പോൾ അച്ഛന്‍റെ അസുഖം എല്ലാം മാറ്റിമറിക്കുകയായിരുന്നു.