Friday, January 17, 2025
GULFLATEST NEWS

യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ഇന്ന് സൗദി അറേബ്യയിലെത്തും

ജിദ്ദ: യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ഇന്ന് സൗദി അറേബ്യയിലെത്തും. സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധവും പങ്കാളിത്തവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം. ബൈഡൻ സൗദി അറേബ്യ സന്ദർശിച്ച് സൽമാൻ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്‍റെ അധ്യക്ഷതയിൽ നടക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും.

ഇസ്രായേലിൽ നിന്ന് ജിദ്ദയിലേക്ക് പറക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്‍റ് കൂടിയാണ് അദ്ദേഹം. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അദ്ദേഹം സൗദി അറേബ്യയെ വിമർശിച്ചിരുന്നുവെങ്കിലും യുക്രൈൻ യുദ്ധവും എണ്ണവില കുതിച്ചുയരുന്ന സാഹചര്യവും മൂലം അദ്ദേഹം കൂടുതൽ അനുരഞ്ജനപരമായ സമീപനമാണ് സ്വീകരിച്ചത്.

പ്രസിഡന്‍റ് ജോ ബൈഡൻ അധികാരമേറ്റതിന് ശേഷം സൗദി അറേബ്യയിൽ നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ ക്ഷണപ്രകാരമാണ് ബൈഡന്‍റെ ദ്വിദിന സന്ദർശനം. ബൈഡൻ ഈ മേഖലയിൽ സന്ദർശിക്കുന്ന ആദ്യ അറബ് രാജ്യമായിരിക്കും സൗദി അറേബ്യ.