ലിവർപൂളിനെ വീഴ്ത്തി യുണൈറ്റഡ്; ടെൻ ഹാഗിന് ആദ്യ ജയം
ഓൾഡ് ട്രാഫോർഡ്: മാഞ്ചസ്റ്റർ യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിലെ ആദ്യ ജയം നേടി. ഇന്നലെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ലിവർപൂളിനെയാണ് യുണൈറ്റഡ് തോൽപ്പിച്ചത്. യുണൈറ്റഡ് പരിശീലകനെന്ന നിലയിൽ എറിക് ടെൻ ഹാഗിന്‍റെ ആദ്യ പ്രീമിയർ ലീഗ് വിജയം കൂടിയാണ് ഇത്.
ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ യുണൈറ്റഡ് 2-1 ന് വിജയിച്ചു. ജേഡൻ സാഞ്ചോ, മാർക്കസ് റാഷ്ഫോർഡ് എന്നിവരാണ് യുണൈറ്റഡിനായി ഗോളുകൾ നേടിയത്. 81-ാം മിനിറ്റിൽ മുഹമ്മദ് സലയാണ് ലിവർപൂളിന്‍റെ ആശ്വാസഗോൾ നേടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ക്യാപ്റ്റൻ ഹാരി മഗ്വയർ എന്നിവരെ പകരക്കാരുടെ ബെഞ്ചിലിരുത്തിയാണ് ടെൻ ഹാഗ് യുണൈറ്റഡിനെ ഗ്രൗണ്ടിലിറക്കിയത്. 86-ാം മിനിറ്റിലാണ് ടെൻ ഹാഗ് റൊണാൾഡോയെ ഗ്രൗണ്ടിലിറക്കിയത്.
പ്രീമിയർ ലീഗ് സീസണിലെ അവസാന രണ്ട് മത്സരങ്ങളിലും ദയനീയ തോൽവിയാണ് യുണൈറ്റഡ് നേരിട്ടത്. ആദ്യ മത്സരത്തിൽ ബ്രൈറ്റണിനോട് തോറ്റ യുണൈറ്റഡ് രണ്ടാം മത്സരത്തിൽ ബ്രെന്‍റ്ഫോർഡിനെതിരെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെട്ടു.