Tuesday, January 21, 2025
LATEST NEWSSPORTS

പാക് ബാറ്ററുടെ ഷോട്ടില്‍ അംപയര്‍ അലീം ദാറിന് പരിക്ക്

ലാഹോര്‍: പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മില്‍ ലാഹോറില്‍ നടന്ന ആറാം ടി20യ്ക്കിടെ ബാറ്ററുടെ ഷോട്ട് കൊണ്ട് അംപയര്‍ അലീം ദാറിന് പരിക്ക്. പാക് ഇന്നിംഗ്‌സിലെ ആറാം ഓവറില്‍ റിച്ചാര്‍ഡ് ഗ്ലീസന്‍റെ ഷോട്ട് പിച്ച് ബോളില്‍ ഹൈദര്‍ അലിയുടെ ഷോട്ട് ലെഗ് അംപയറായിരുന്ന ദാറിന്‍റെ ദേഹത്ത് പതിക്കുകയായിരുന്നു. ഒഴിഞ്ഞുമാറാന്‍ അലീം ദാര്‍ പരിശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല. വേദനകൊണ്ട് കാലില്‍ അലീം ദാര്‍ തടവുന്നത് കാണാമായിരുന്നു. എങ്കിലും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടതിനാല്‍ ദാറിന് മത്സരം നിയന്ത്രിക്കുന്നത് തുടരാൻ കഴിഞ്ഞു.

മത്സരത്തിൽ ഇംഗ്ലണ്ട് പാകിസ്ഥാനെ 8 വിക്കറ്റിന് തോൽപ്പിച്ചു. 33 പന്തുകൾ ബാക്കിനിൽക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസാണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുക എന്ന ശൈലിയാണ് ഇംഗ്ലണ്ട് മത്സരത്തില്‍ സ്വീകരിച്ചത്. 4-ാം ഓവറിലെ അഞ്ചാം പന്തില്‍ അലക്‌സ് ഹെയ്‌ല്‍സ് പുറത്താകുമ്പോള്‍ 55 റണ്‍സുണ്ടായിരുന്നു സന്ദര്‍ശകര്‍ക്ക്. ഹെയ്‌ല്‍സ് 12 പന്തില്‍ 27 റണ്‍സെടുത്തു. ഡേവിഡ് മലാനാണ്(18 പന്തില്‍ 26) പുറത്തായ മറ്റൊരു ബാറ്റര്‍. മലാന്‍ പുറത്താകുമ്പോള്‍ ഇംഗ്ലണ്ടിന് 9.3 ഓവറില്‍ 128 റണ്‍സുണ്ടായിരുന്നു. 

ഓപ്പണറായി ഇറങ്ങി 41 പന്തില്‍ 13 ഫോറും മൂന്ന് സിക്‌സും സഹിതം 88 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഫിലിപ് സാള്‍ട്ടാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ബെൻ ഡക്കറ്റ് 16 പന്തിൽ 26 റൺസുമായി പുറത്താവാതെ നിന്നു. വെറും 14.3 ഓവറില്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി. ഫിലിപ് സാൾട്ടാണ് മാൻ ഓഫ് ദി മാച്ച്. ഇംഗ്ലണ്ടിന്‍റെ ജയത്തോടെ ഏഴ് മത്സരങ്ങളുടെ പരമ്പര 3-3ന് സമനിലയിലായി. പരമ്പര ജേതാക്കളെ നിശ്ചയിക്കുന്ന അവസാന മത്സരം നാളെ നടക്കും.