യുക്രൈനെ 1-0ന് തോൽപ്പിച്ച് ലോകകപ്പ് യോഗ്യത നേടി വെയ്ൽസ്
കാർഡിഫ്: കാർഡിഫിൽ നടന്ന മത്സരത്തിൽ യുക്രൈനെ 1-0ന് തോൽപ്പിച്ച് ഖത്തർ ലോകകപ്പിന് യോഗ്യത നേടി വെയ്ൽസ്. 34–ാം മിനിറ്റിൽ യുക്രൈൻ താരം ആൻഡ്രി യാർമോലെങ്കോയുടെ ഗോളാണ് കളിയിൽ നിർണായകമായത്. വെയ്ൽസ് ക്യാപ്റ്റൻ ഗാരെത് ബെയ്ലിന്റെ ഫ്രീകിക്ക് യർമോലെങ്കോയുടെ ദേഹത്ത് തട്ടി യുക്രൈന്റെ വലയിൽ വീഴുകയായിരുന്നു.
64 വർഷത്തിന് ശേഷമാണ് വെയിൽസ് ലോകകപ്പിന് യോഗ്യത നേടിയത്. ലോകകപ്പിൽ ഇംഗ്ലണ്ട്, അമേരിക്ക, ഇറാൻ എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ്പ് ബിയിലാണ് വെയിൽസ് കളിക്കുക. വെയിൽസും യോഗ്യത നേടിയതോടെ, യൂറോപ്പിൽ നിന്നുള്ള 13 ലോകകപ്പ് ബെർത്തുകളും തീരുമാനിച്ചു. ഖത്തറിലേക്ക് യോഗ്യത നേടുന്ന 30-ാമത്തെ ടീമാണ് വെയിൽസ്.
ഏഷ്യ-തെക്കേ അമേരിക്ക, നോർത്ത് അമേരിക്ക-ഓഷ്യാനിയ ഭൂഖണ്ഡ പ്ലേ ഓഫിലെ വിജയികളും ലോകകപ്പിന് യോഗ്യത നേടും. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ് നടക്കുക.