യുവേഫ നേഷന്‍സ് ലീഗിൽ പോര്‍ച്ചുഗലിനും സ്‌പെയിനിനും വിജയം
പോർച്ചുഗൽ 2-0ന് ചെക്ക് റിപ്പബ്ലിക്കിനെ തോൽപ്പിച്ചു. പോർച്ചുഗലിനായി ജാവോ ക്യാന്‍സലോ, ഗോൺസാലോ ഗ്യൂഡസ് എന്നിവരാണ് ഗോൾ നേടിയത്. ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 33-ാം മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ക്യാൻസലോയിലൂടെ പോർച്ചുഗൽ ലീഡ് നേടുകയും 38-ാം മിനിറ്റിൽ ഗ്യുഡെസിലൂടെ രണ്ടാം ഗോളും നേടി.
ഈ വിജയത്തോടെ പോർച്ചുഗൽ ലീഗ് എയിലെ ഗ്രൂപ്പ് രണ്ടിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പോർച്ചുഗലിന് ഇപ്പോൾ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയും ഉണ്ട്. ചെക്ക് റിപ്പബ്ലിക്കാണ് മൂന്നാം സ്ഥാനത്ത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്പെയിൻ ഏകപക്ഷീയമായ ഒരു ഗോളിന് സ്വിറ്റ്സർലൻഡിനെ തോൽപ്പിച്ചു. 13-ാം മിനിറ്റിൽ പാബ്ലോ സരാബിയയാണ് സ്പെയിനിന്റെ വിജയഗോൾ നേടിയത്. നേഷൻസ് ലീഗിൽ സ്പെയിനിന്റെ ഈ സീസണിലെ ആദ്യ വിജയമാണിത്. ആദ്യ രണ്ട് മത്സരങ്ങളിലും ടീം സമനില പാലിച്ചിരുന്നു.