Saturday, January 24, 2026
HEALTHLATEST NEWS

കാസര്‍കോട്ട് രണ്ടുപേര്‍ക്ക് പന്നിപ്പനി

കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിൽ രണ്ട് പേർക്ക് എച്ച് 1 എൻ 1 പനി സ്ഥിരീകരിച്ചു. രണ്ട് വർഷത്തിനിടെ ഇതാദ്യമായാണ് പന്നിപ്പനി സ്ഥിരീകരിക്കുന്നത്. പനി ബാധിച്ച് തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ എത്തിയ രോഗലക്ഷണമുള്ള ഏഴ് പേരുടെ സാമ്പിളുകൾ എടുത്താണ് രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇൻഫ്ലുവൻസ എ ഗ്രൂപ്പിൽ പെടുന്ന വൈറസാണ് എച്ച് 1 എൻ 1. പന്നികളിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്. പന്നികളുമായി അടുത്തിടപഴകുന്ന ആളുകളിലേക്ക് രോഗം പടരാനുള്ള സാധ്യതയുണ്ട്. ഡെങ്കിപ്പനി, എലിപ്പനി, തക്കാളിപ്പനി, മലേറിയ, മഞ്ഞപ്പിത്തം എന്നിവ പടരുകയാണ്. ആരോഗ്യ വകുപ്പ് ജനങ്ങളോട് അതീവ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

രോഗലക്ഷണങ്ങൾ

പനി, ശരീരവേദന, തൊണ്ടവേദന, കഫമില്ലാത്ത വരണ്ട ചുമ, ക്ഷീണം, വയറിളക്കം. സാധാരണ പനി പോലെ നാലോ അഞ്ചോ ദിവസത്തിനുള്ളിൽ മിക്ക ആളുകളും സുഖം പ്രാപിക്കുന്നു. എന്നിരുന്നാലും, ചില ആളുകളിൽ, രോഗം ഗുരുതരമായിരിക്കാം. ശ്വാസകോശത്തിലെയും തലച്ചോറിലെയും അണുബാധകൾ, നിലവിലുള്ള രോഗങ്ങളുടെ ഗുരുതരമായ ആരംഭം എന്നിവ രോഗത്തിന്‍റെ സങ്കീർണതകളിൽ ഉൾപ്പെടുന്നു.