Thursday, January 23, 2025
LATEST NEWSSPORTS

രണ്ടരക്കോടി അടയ്ക്കും; കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി പുനഃസ്ഥാപിച്ചു

തിരുവനന്തപുരം: കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. ഈ മാസം 30ന് മുഴുവൻ കുടിശ്ശികയും നൽകാമെന്ന കെസിഎയുടെ ഉറപ്പിലാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. ഈ മാസം 13നാണ് കഴക്കൂട്ടം സെക്ഷൻ ഗ്രീൻ ഫീൽഡിന്‍റെ ഫ്യൂസ് കെ.എസ്.ഇ.ബി നീക്കം ചെയ്തത്.

ഈ മാസം 28ന് നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്‍റി-20 മത്സരത്തിന് മുന്നോടിയായാണ് കാര്യവട്ടം സ്റ്റേഡിയത്തിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. 22.36 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക അടയ്ക്കാത്തതിനെ തുടർന്നാണ് കെ.എസ്.ഇ.ബി വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. തുടർച്ചയായി നോട്ടീസ് നൽകിയിട്ടും പണം നൽകാത്തതിനെ തുടർന്നാണ് കഴക്കൂട്ടം കെ.എസ്.ഇ.ബി ചൊവ്വാഴ്ച സെഷൻസ് ഓഫീസ് കാര്യവട്ടം സ്റ്റേഡിയത്തിന്‍റെ ഫ്യൂസ് നീക്കം ചെയ്തത്. കുടിശ്ശിക അടച്ചില്ലെങ്കിൽ കണക്ഷൻ റദ്ദാക്കുമെന്ന് വാട്ടർ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെ സ്റ്റേഡിയത്തിന്‍റെ അറ്റകുറ്റപ്പണികൾ വാടകയ്ക്ക് എടുത്ത ജനറേറ്ററിലാണ് നടത്തിയത്. മത്സരത്തിന് മുന്നോടിയായി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ സുരക്ഷാ അവലോകന യോഗം ചേര്‍ന്നതും ജനറേറ്റര്‍ ഉപയോഗിച്ചുള്ള വൈദ്യുതിയിലാണ്. സ്റ്റേഡിയത്തിന്‍റെ മേൽനോട്ട, നടത്തിപ്പ് ചുമതലയുള്ള കാര്യവട്ടം സ്പോര്‍ട്സ് ഫെസിലിറ്റി ലിമിറ്റഡാണ് മൂന്ന് വര്‍ഷത്തെ വൈദ്യുതി കുടിശ്ശിക വരുത്തിയത്. സർക്കാർ വർഷം തോറും നൽകുന്ന ആന്വിറ്റി ഫണ്ട് അടയ്ക്കാതെ കുടിശ്ശിക അടയ്ക്കാൻ കഴിയില്ലെന്നായിരുന്നു കെ.എസ്.എഫ്.എൽ നിലപാട്. പേരിനു പോലും കെ.എസ്.എഫ്.എൽ പ്രവർത്തിക്കുന്നില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) കുറ്റപ്പെടുത്തി. തിരുവനന്തപുരം കോർപ്പറേഷൻ 2.85 കോടി രൂപയാണ് കെ.എസ്.എഫ്.എൽ നികുതിയിനത്തിൽ നൽകാനുള്ളത്.