Thursday, January 2, 2025
LATEST NEWSSPORTS

ബൂട്ടഴിച്ച് തുർക്കി താരം അർദാ ടുറാൻ

സമീപകാലത്ത് തുർക്കി ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ അർദാ ടുറാൻ കളിക്കളത്തിനോട് വിട പറഞ്ഞു. 35കാരനായ ടുറാൻ ഇന്നലെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.

മിഡ്ഫീൽഡറായ ടുറാൻ, തുർക്കിയിലെ സൂപ്പർക്ലബ്ബായ ​ഗലാറ്റസരെയിലൂടെയാണ് തന്‍റെ കരിയർ ആരംഭിച്ചത്. 2011ൽ ടുറാൻ സ്പാനിഷ് സൂപ്പർ ക്ലബ് അത്ലറ്റിക്കോ മാഡ്രിഡിലേക്ക് മാറി. അത്ലറ്റിക്കോയ്ക്കായി 170 ലധികം മത്സരങ്ങൾ ടുറാൻ കളിച്ചിട്ടുണ്ട്. ക്ലബ്ബിനൊപ്പം ലാ ലിഗ, കോപ്പ ഡെൽ റേ, യൂറോപ്പ ലീഗ്, യുവേഫ സൂപ്പർ കപ്പ് എന്നിവ ടുറാൻ നേടി. 2014 ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്കുള്ള അത്ലറ്റിക്കോയുടെ മുന്നേറ്റത്തിൽ ടുറാൻ ഒരു നിർണ്ണായക ശക്തിയായി മാറി.

അത്ലറ്റികോയിലെ തകർപ്പൻ പ്രകടനമാണ് ടുറാനെ ബാഴ്സലോണയിലേക്ക് എത്തിച്ചത്. എന്നാൽ രണ്ടര വർഷം ബാഴ്സയ്ക്കായി കളിച്ചിട്ടും ടുറാൻ സ്റ്റാർട്ടിംഗ് ഇലവനിൽ സ്ഥിര സാന്നിധ്യമാകാൻ കഴിഞ്ഞില്ല. ഇതിനിടയിൽ ബാഴ്സയുമായുള്ള ടുറാന്‍റെ ബന്ധം വഷളായി. 2018ൽ തുർക്കിയിലേക്ക് മടങ്ങിയെത്തിയ ടുറാൻ ആദ്യം ഇസ്താംബൂൾ ബസെഷിറിലും പിന്നീട് ഗലാറ്റസരെയിലും കളിച്ചു. കഴിഞ്ഞ സീസണിന്‍റെ അവസാനത്തിൽ ഗലാറ്റസെരെയുമായുള്ള കരാർ കാലാവധി അവസാനിച്ച ടുറാൻ മറ്റ് ക്ലബുകളിലേക്കൊന്നും മാറിയില്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിരമിക്കാൻ തീരുമാനിച്ചിരിക്കുന്നത്. പരിശീലകനായി ഫുട്ബോളിൽ തുടരുക എന്നതാണ് ടുറാന്‍റെ അടുത്ത നീക്കം.