ഗുരുതര ബാക്ടീരിയ ബാധയ്ക്ക് ചികിൽസ; മലയാളി ഡോക്ടർക്ക് അംഗീകാരം
അബുദാബി: അവയവങ്ങളുടെ പ്രവർത്തനത്തെ ഇല്ലാതാക്കി ശ്വസനവ്യവസ്ഥയെ തകർക്കുന്ന മാരകമായ ബാക്ടീരിയ അണുബാധയ്ക്കെതിരെ ഒരു മലയാളി ഡോക്ടറും സംഘവും സ്വീകരിച്ച ചികിത്സയ്ക്ക് അന്താരാഷ്ട്ര അംഗീകാരം. സെപാസിയ സിൻഡ്രോം എന്ന ഗുരുതര രോഗബാധയിൽ നിന്ന് ഗോവ സ്വദേശിയായ നിതേഷ് സദാനന്ദ് മഡ്‌ഗോക്കറെ കരകയറ്റാൻ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഡോ. നിയാസ് ഖാലിദിന്റെ നേതൃത്വത്തിലുള്ള സംഘം പിന്തുടർന്ന ക്ലിനിക്കൽ നടപടി ക്രമങ്ങൾ ഇന്റർനാഷനൽ ജേണൽ ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ് പ്രസിദ്ധീകരിച്ചു. 75% മരണ നിരക്കുള്ള ബാക്ടീരിയ അണുബാധകൾക്ക് ഡോ. നിയാസ് പിന്തുടർന്നുള്ള ചികിത്സ ഇതിനകം തന്നെ മെഡിക്കൽ മേഖലയിൽ ശ്രദ്ധേയമായിരുന്നു.
അണുബാധയുടെ ലക്ഷണങ്ങളോടെ കഴിഞ്ഞ വർഷം അവസാനമാണ് നിതേഷിനെ അബുദാബിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചത്. ബുർഖോൾഡേറിയ സെപാസിയ കോംപ്ലക്സ് (ബിസിസി) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധ നിതീഷിന്‍റെ നില വഷളാക്കി. ഈ അണുബാധ സാധാരണയായി സിസ്റ്റിക് ഫൈബ്രോസിസ് ഉള്ള ആളുകളിൽ ആണ് സംഭവിക്കുന്നത്. എന്നിരുന്നാലും, സിസ്റ്റിക് ഫൈബ്രോസിസ് ബാധിച്ചിട്ടില്ലാത്ത നിതേഷിന് ബാക്ടീരിയ ബാധിച്ചത് ചികിത്സാ നടപടിക്രമങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി. ബുർജീൽ മെഡിക്കൽ സിറ്റിയിലെ ഇന്‍റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റായ ഡോ. നിയാസ് ഖാലിദിന്‍റെ ചികിത്സയെ തുടർന്ന് 54 ദിവസം ആശുപത്രിയിൽ ചെലവഴിച്ച ശേഷം നിതേഷ് ജീവിതത്തിലേക്ക് തിരിച്ചെത്തി.